സാക്കിര്‍ നായിക്കിന് ഞങ്ങള്‍ പൗരത്വം നല്‍കിയിട്ടുണ്ട്, നാടു കടത്തില്ലന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭീകരവാദ ആരോപണങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടേയും പേരില്‍ ഇന്ത്യ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്ന വിവാദ ഇസ്ലാമിക പ്രാസംഗികന്‍ സാക്കിര്‍ നായിക്കിനെ നാടുകടത്തില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാദിര്‍ മുഹമ്മദ്. സാക്കിര്‍ നായിക്കിനെ കൈമാറണമെന്ന് മലേഷ്യയോട് ആവശ്യപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മഹാദിര്‍ മഹമ്മദ് പ്രസ്താവന നടത്തിയത്.

‘അദ്ദേഹം ഒരു പ്രശ്നവും ഉണ്ടാക്കാത്തിടത്തോളം കാലം അദ്ദേഹത്തെ നാടു കടത്തില്ല, കാരണം അയാള്‍ക്ക് ഞങ്ങള്‍ പൗരത്വം നല്‍കിയിട്ടുണ്ട്’, മലേഷ്യന്‍ പ്രധാനമന്ത്രി ക്വാലാലംപൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാക്കിര്‍ നായിക്കിനെ മലേഷ്യ നാടു കടത്തുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്ത സാക്കിര്‍ നായിക്കും നിഷേധിച്ചു. ഇന്ത്യയിലേക്ക് താന്‍ ഉടന്‍ മടങ്ങുന്നില്ലെന്നു പറഞ്ഞ സാക്കിര്‍ നീതിയുക്തമല്ലാത്ത വിചാരണയില്‍ വിശ്വസിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നീതിപൂര്‍വമായ നിലപാട് ഉണ്ടാകുമ്പോഴേ മടക്കമുള്ളൂ എന്നും വ്യക്തമാക്കി.

സാക്കിര്‍ നായിക്കിന്റെ അഭിഭാഷകന്‍ ദത്തോ ഷഹറുദ്ദീനും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ 2016-ലാണ് സാക്കിര്‍ ഇന്ത്യ വിട്ടത്. മലേഷ്യയിലെത്തിയ സാക്കിറിന് അവിടുത്തെ സര്‍ക്കാര്‍ സ്ഥിരതാമസത്തിനുള്ള അവസരമൊരുക്കുകയും ചെയ്തു. ദേശീയ തീവ്രവാദ വിരുദ്ധ ഏജന്‍സിയുടെ അന്വേഷണം നേരിടുന്ന സാക്കിറിനെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടങ്കിലും മലേഷ്യ ആവശ്യം നിരസിക്കുകയായിരുന്നു.

സാക്കിറിനെതിരേ റെഡ്‌കോര്‍ണര്‍ നോട്ടീസ് ഹാജരാക്കാന്‍ പലവട്ടം ഇന്ത്യയോട് ആവശ്യപ്പെട്ടുവെന്നും അങ്ങനെയെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാമെന്നും അറിയിച്ചതാണെന്നും എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നും മലേഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നായിക്കിന്റെ പ്രഭാഷണങ്ങള്‍ ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദം തകര്‍ക്കുമെന്നും വിദ്വേഷം വര്‍ധിപ്പിക്കുമെന്നുമായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍. 52 വയസുകാരനായ സാക്കിര്‍ അറസ്റ്റ് ഭയന്ന് 2016-ല്‍ പിതാവ് ഡോ. അബ്ദുള്‍ കരീം നായികിന്റെ സംസ്‌കാര ചടങ്ങില്‍ പോലും പങ്കെടുത്തിരുന്നില്ല.

pathram desk 2:
Leave a Comment