കൊച്ചി:മലയാള സിനിമയില്‍ പുതിയ സംഘടന തുടങ്ങുന്നുവെന്ന് താന്‍ എവിടേയും പറഞ്ഞിട്ടില്ലെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി. ‘അമ്മ’യ്ക്കും ‘ഫെഫ്ക’യ്ക്കും വെല്ലുവിളിയായി മലയാള സിനിമയില്‍ രാജീവ് രവിയുടേയും ആഷിഖ് അബുവിന്റേയും നേതൃത്വത്തില്‍ പുതിയ സംഘടന തുടങ്ങുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”ആക്രമണത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയറിയിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് കഴിഞ്ഞദിവസം പുറത്തിറക്കിയത്. പ്രതികരിക്കുക എന്നത് ഒരു ധാര്‍മ്മിക ഉത്തരവാദിത്തമായാണ് കരുതുന്നത്. അല്ലാതെ പുതിയ സംഘടന തുടങ്ങുന്നുവെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ അവരുടെ മനോധര്‍മ്മമനുസരിച്ച് ഓരോന്ന് പറഞ്ഞുണ്ടാക്കുകയാണ്. ഒരു സംഘടന തുടങ്ങിയാല്‍ നല്ല കാര്യമാണെന്നേ പറഞ്ഞിട്ടുള്ളൂ. അല്ലാതെ, ഞാന്‍ സംഘടന രൂപീകരിക്കാന്‍ പോകുന്നുവെന്നോ, എനിക്കറിയാവുന്ന ആരെങ്കിലും അതിന് പോകുന്നുവെന്നോ എവിടേയും പറഞ്ഞിട്ടില്ല. ഈ സിനിമാ മേഖലയില്‍ ഉള്ളത് നമ്മുടെ സുഹൃത്തുക്കള്‍ തന്നെയാണ്, ശത്രുക്കളൊന്നുമല്ല. പലപ്പോഴും പരസ്പരം തമ്മില്‍ തല്ലിപ്പിക്കുകയാണ് ഇത്തരം വാര്‍ത്തകളിലൂടെ ചെയ്യുന്നത്,” രാജീവ് രവി് വ്യക്തമാക്കി.
അതേസമയം, മലയാള സിനിമയില്‍ എല്ലാവിഭാഗങ്ങളിലുള്ളവരേയും ചേര്‍ത്ത് ഒരു സംഘടന ഉണ്ടാകേണ്ടതിന്റെ സാധ്യതയും ആവശ്യവും ഉണ്ടെന്നും രാജീവ് രവി അഭിപ്രായപ്പെട്ടു.
”ഒരു അംബര്‍ല ഓര്‍ഗനൈസേഷന്റെ സാധ്യത ഇവിടെയുണ്ട്. അതൊരു ആവശ്യവുമാണ്. ഞങ്ങള്‍ അങ്ങനെയൊന്ന് തുടങ്ങാന്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ ആരെങ്കിലും തുടങ്ങുകയാണെങ്കില്‍ വളരെ നല്ലതാണ്,”
നിലവിലെ സംഘടനകള്‍ക്ക് വീഴ്ച വന്നിരിക്കുന്നത് അവര്‍ എന്തിനാണ് സംഘടന ആരംഭിച്ചത് എന്ന ഉത്തമബോധ്യം ഇല്ലാത്തതുകൊണ്ടാണെന്നും രാജീവ് രവി പറഞ്ഞു.
”സംഘടനകള്‍ എന്തിനാണ്, അതിന്റെ ലക്ഷ്യം എന്താണെന്ന് ആദ്യം അവര്‍ നിര്‍വ്വചിക്കണം. അത് പാലിക്കാന്‍ നോക്കണം. കുറച്ചുപേരുടെ ഫങ്ഷനിങ് എളുപ്പമാക്കാന്‍ ഒരു സംഘടന തുടങ്ങേണ്ട ആവശ്യമില്ലല്ലോ. നമ്മള്‍ ആരംഭിക്കുന്നത് ഒരു തൊഴിലാളി സംഘടനയാണെങ്കില്‍ അത് തൊഴിലാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായിരിക്കണം. കഴിഞ്ഞ ഒരു പത്തിരുപത്തിയഞ്ച് വര്‍ഷത്തോളമായി ഇവിടെയുള്ള തൊഴിലാളി സംഘടനകള്‍ പോലും പിടിച്ചുപറി സംഘടനകള്‍ ആയി മാറിയിരിക്കുകയാണ്. അത് സംഘടനയുടെ മാത്രം കുഴപ്പമല്ല, സമൂഹത്തിന്റെ ആകെ ജീര്‍ണതയുടെ ഭാഗമാണ്. ഇവരെ മാത്രം കുറ്റം പറയാന്‍ പറ്റില്ല,” രാജീവ് രവി തുറന്നടിച്ചു.
Leave a Comment