ന്യൂഡല്‍ഹി: മെഴ്സിഡസ് ബെന്‍സ് കാറിനും പാലിനും ഒരേ ജിഎസ്ടി നിരക്ക് സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകീകൃത ജിഎസ്ടി എന്നത് തീര്‍ത്തും യുക്തിരഹിത ആശയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ക്കും ഉള്‍പ്പെടെ നികുതി ഏകീകരിച്ച് 18 ശതമാനമാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി നടപ്പാക്കിയ ശേഷം പരോക്ഷ നികുതിയില്‍ 70 ശതമാനം വര്‍ധനവാണ് ഉണ്ടായത്. നിലവിലുണ്ടായിരുന്ന 17 തരം നികുതികളും 23 തരം സെസുകളും സംയോജിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.പാലിനും മെഴ്സിഡസിനും ഒരേ നികുതി ചുമത്താന്‍ കഴിയുമോയെന്നും മോദി ചോദിച്ചു. ജിഎസ്ടി നടപ്പാക്കിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സ്വരാജ് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നികുതിദായകരുടെ പരിധിയിലേക്ക് വന്നവരില്‍ 70 ശതമാനം വര്‍ധനയുണ്ടായി.ഭക്ഷ്യോല്‍പന്നങ്ങളില്‍ മിക്കതിനു നികുതിയില്ലാത്തതോ അഞ്ചുശതമാനമോ ആണ് ചുമത്തുന്നത്. ഏകീകൃത നികുതിയാക്കിയാല്‍ അത് എങ്ങനെയാണ് ശരിയാവുകയെന്നും പ്രധാനമന്ത്രി ചോദിച്ചു. ചെക്പോസ്റ്റുകള്‍ നിര്‍ത്തലാക്കിയതോടെ സംസ്ഥാന അതിര്‍ത്തികളില്‍ മണിക്കൂറുകള്‍ നീണ്ട ക്യു ഒഴിവായി.
അനാവശ്യ നികുതികള്‍ എല്ലാം തന്നെ ഒഴിവാക്കി തീര്‍ത്തും ജനകീയമായ ഒരു രീതിയാണ് ജിഎസ്ടിയെന്നും മോദി പറഞ്ഞു. 66 ലക്ഷം പരോക്ഷ നികുതിദായകര്‍ ഉണ്ടായിരുന്ന ഇന്ത്യയില്‍ ജി.എസ്.ടി നടപ്പിലാക്കിയതോടെ 48 ലക്ഷം നികുതി ദായകര്‍ കൂടി വര്‍ധിച്ചു. അനാവശ്യ നികുതികള്‍ എല്ലാം തന്നെ ഒഴിവാക്കി തീര്‍ത്തും ജനകീയമായ ഒരു രീതിയാണ് ജിഎസ്ടി മോദി പറഞ്ഞു.
Leave a Comment