‘അമ്മ’യ്ക്ക് പ്രാണവേദന മകള്‍ക്ക് വീണവായന!!! ഇവിടെ ദിലീപ് വിവാദം കത്തിപ്പടരുമ്പോള്‍ നടിമാര്‍ അമേരിക്കയില്‍ അടിച്ച് പൊളിക്കുന്നു

നടിയെ ആക്രമിച്ച നടന്‍ ദിലീപിനെ താരങ്ങളുടെ സംഘടനയായ എ.എം.എം.എയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ സംഘടനക്കകത്തും പുറത്തും വലിയ വിവാദങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജികൂടി വെച്ചതോടെ വിവാദം വീണ്ടും മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഇവരുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ നടിമാര്‍ക്ക് പിന്തുണയുമായി നൂറോളം സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പം റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ അമ്മയില്‍ നിന്ന് രാജിവച്ചു പുറത്ത് പോയപ്പോള്‍ പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മയില്‍ നിന്നുകൊണ്ടു തന്നെ ഒരു തുറന്ന ചര്‍ച്ചയ്ക്കുള്ള അവസരം ചോദിച്ചിട്ടുണ്ട്.

ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ മുറുകുമ്പോള്‍ വിവാദങ്ങളില്‍ നിന്ന് താല്‍കാലികമായി ഇടവേളയെടുത്ത് അമേരിക്കന്‍ യാത്രയിലാണ് റിമയും പാര്‍വതിയും ഗീതുവും മഞ്ജുവും. വിവിധ സ്ഥലങ്ങളിലെ ഷോകള്‍ക്ക് വേണ്ടിയാണ് ഇവരുടെ യാത്ര. ഇവര്‍ക്കെല്ലാവര്‍ക്കുമൊപ്പം പൂര്‍ണിമ ഇന്ദ്രജിത്തുമുണ്ട്.

ദിലീപിനെ തിരിച്ചെടുത്ത വിവാദത്തില്‍ മഞ്ജു പ്രതികരിക്കാത്തതില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പുതിയ സിനിമകള്‍ റിലീസാകാനുള്ളത് കൊണ്ട് അമ്മയില്‍ നിന്ന് നടി രാജിവെക്കില്ലെന്നാണ് നടിക്കെതിരായ ആരോപണം. പാര്‍വതിയുടെയും സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്.

അതേസമയം അമ്മ എന്ന് പേരുള്ള സംഘടനയില്‍ ഇനിയും ചേര്‍ന്നിട്ടില്ലാത്ത, എന്നാല്‍ നിലവില്‍ അഭിനേതാക്കളായി തൊഴിലെടുക്കുന്ന തങ്ങള്‍ ആ സംഘടനയുടെ ഭാഗമാകുന്നില്ലെന്ന് നിലപാടെടുക്കുന്നതായി പ്രഖ്യാപിച്ച് പതിനാല് നടിമാര്‍ രംഗത്തുവന്നിട്ടുണ്ട്. ഇതിലൂടെ സിനിമയെ പൂര്‍വ്വാധികം ശ്രദ്ധയോടെ, ബഹുമാനത്തോടെ, വിശ്വാസത്തോടെ, മാധ്യമമായും കലയായും സമീപിക്കുവാനുള്ള ഇടം ഉണ്ടാക്കുകയാണ് തങ്ങളുടെ ആത്യന്തികമായ ലക്ഷ്യമെന്നും അഭിനേത്രികള്‍ വ്യക്തമാക്കുന്നു.

അഭിജ ശിവകല, അമല അക്കിനേനി, അര്‍ച്ചന പദ്മിനി, ദര്‍ശന രാജേന്ദ്രന്‍, ദിവ്യ ഗോപിനാഥ്, ദിവ്യ പ്രഭ, ജോളി ചിറയത്ത്, കനി കുസൃതി, രഞ്ജിനി പിയര്‍, സജിത മഠത്തില്‍, സംയുക്ത നമ്ബ്യാര്‍, ശാന്തി ബാലചന്ദ്രന്‍, ഷൈലജ അമ്പു, സുജാത ജനനേത്രി എന്നിവരാണ് അമ്മയുടെ ഭാഗമാകില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. വുമണ്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടനയുടെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അഭിനേത്രികള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

wcc യില്‍ അഭിനേത്രികളും ടെക്നീഷ്യന്‍മാരും ഉണ്ട്. ഏറെ അറിയപ്പെടുന്നവരും പുതുതായി ഈ രംഗത്തേക്കു വന്നവരും ഉണ്ട്. അമ്മ സംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടിനെ കുറിച്ച് അവരുടെ അഭിപ്രായങ്ങള്‍ wcc യുടെ പേജിലൂടെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു എന്ന മുഖവുരയോടെയാണ് ഔദ്യോഗികപേജില്‍ നടിമാരുടെ നിലപാട് അറിയിച്ചിരിക്കുന്നത്.

അമ്മയിലെ അംഗത്വം നിരാകരിക്കാനുള്ള കാരണങ്ങളും നടിമാര്‍ വ്യക്തമാക്കുന്നുണ്ട്.

എഎംഎംഎ യിലെ അംഗത്വം നിരാകരിക്കാനുള്ള കാരണങ്ങള്‍:

* തുല്യവേതനം എന്നൊരു സങ്കല്‍പം പോലും നിലവിലില്ലാത്ത മേഖലയില്‍ ഒരു ലക്ഷം രൂപയോളം മെമ്ബര്‍ഷിപ് ഫീസ് ചുമത്തുന്നത് ജനോന്മുഖവും ജനാധിപത്യപരവുമല്ല.

* പ്രസ്തുത സംഘടന, ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രശ്‌നത്തെ സമീപിച്ച രീതിയില്‍ നിന്നും തൊഴിലിടത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് അവരെടുക്കുന്ന തീരുമാനങ്ങളെ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ സാധ്യമല്ല എന്ന് തിരിച്ചറിയുന്നു.

* WCC സ്ഥാപക അംഗങ്ങളോട്, അവരുന്നയിക്കുന്ന പ്രശ്‌നങ്ങളോട്, പൊതുവില്‍ പുലര്‍ത്തുന്ന മൗനം അപകടകരവും നിരുത്തരവാദപരവുമാണ്.

*ആരോഗ്യകരവും ആശയപരവുമായ സംവാദത്തിന് കെല്‍പ്പില്ലാത്ത ഒരു സംഘടനയെ തള്ളിപ്പറയുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല എന്ന് മനസ്സിലാക്കുന്നു.

* എ. എം. എം. എ യുടെ അടുത്ത കാലത്തെ ആഘോഷപരിപാടിയില്‍ അവതരിപ്പിച്ച പിന്തിരിപ്പന്‍ സ്‌കിറ്റ്, കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള നടപടി, തുടങ്ങിയവ സ്ത്രീകളോടുള്ള സംഘടനയുടെ സമീപനത്തെ കൃത്യമായി വരച്ചു കാട്ടുന്നുണ്ട്.

* ഒരു സംവാദത്തിനെങ്കിലും വഴിതെളിക്കുന്ന ജനാധിപത്യ സംവിധാനം പ്രസ്തുത സംഘടനയില്‍ ഉടനൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സംഘടനയുടെ ചരിത്രം, ഫാന്‍സ് അസ്സോസിയേഷനുകള്‍, പ്രത്യേക താരകേന്ദ്രീകൃത കോക്കസുകള്‍ , ഒക്കെ ചേര്‍ത്തെഴുതുന്ന, ഇത് വരെയുള്ള ചരിത്രം, ബോധ്യപ്പെടുത്തി തരുന്നുണ്ട്.

* ആത്മാഭിമാനമുള്ള സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍, അവരുടെ തൊഴിലിടത്തെ ബഹുമാനിക്കാന്‍ തക്കവണ്ണം ഒരു പൊളിച്ചെഴുത്തിന് നിലവില്‍ സംഘടനയെ നിര്‍ണയിക്കുന്ന താരാധികാരരൂപങ്ങള്‍ക്ക് സാധിക്കില്ല എന്ന് കൂടി മനസ്സിലാക്കുന്നു.

*കെട്ടിക്കാഴ്ച്ചകള്‍ക്കല്ലാതെ, സംഘടനാപരമായ ചുമതലകളില്‍, തീരുമാനങ്ങള്‍ എടുക്കുന്നതിലൊന്നും തന്നെ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താന്‍ പ്രസ്തുത സംഘടന ശ്രമിച്ചിട്ടില്ല.

* ഇത്തരത്തില്‍ മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന ഒരു സംഘടനയുടെ ഭാഗമാകാനില്ല എന്നുറച്ചു പ്രഖ്യാപിക്കുന്നു.

മലയാളികള്‍ ഏറെ സ്നേഹിക്കുന്ന സിനിമയെന്ന മാധ്യമത്തിലൂടെ ജാതിമതലിംഗ വിഭാഗീയതകള്‍ക്കപ്പുറമായി കാലത്തിനനുരൂപമായ കലാസൃഷ്ടികള്‍ രചിക്കപ്പെടുവാന്‍ ആവശ്യമായ എല്ലാ വഴികളും വരും തലമുറക്ക് വേണ്ടി തുറക്കുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അഭിനേത്രികള്‍ വ്യക്തമാക്കുന്നു.

pathram desk 1:
Leave a Comment