ഗുണ്ട ആക്രമണമുണ്ടായപ്പോള്‍ ആഷിക് അബുവിനും സഹപ്രവര്‍ത്തകര്‍ക്കും സംരക്ഷണമൊരുക്കിയത് ഫെഫ്കയാണ്,ആഷിക് അബുവിന്റെ ആരോപണങ്ങള്‍ക്ക് കത്തും കാരണം കാണിക്കല്‍ നോട്ടീസും പുറത്തുവിട്ട് ഫെഫ്ക

കൊച്ചി:ഫെഫ്ക യൂണിയന് എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ആഷിക് അബുവിന് മറുപടിയുമായി ഫെഫ്ക. കത്തിലൂടെയാണ് ഫെഫ്ക ആഷിക് അബുവിന് മറുപടി നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം ആഷിക് അബുവിന് അയച്ച കാരണം കാണിക്കല്‍ നോട്ടീസും ഫെഫ്ക പുറത്തുവിട്ടു. യൂണിന്റെ വേദി തനിക്ക് ഇപ്പോള്‍ ലഭ്യമല്ലെന്നായിരുന്നു ഇന്നലെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആഷ്‌ക് അബു പറഞ്ഞത്. എന്നാല്‍ താങ്കള്‍ ഇപ്പോഴും ഫെഫ്കയില്‍ അംഗമായി തുടരുന്നുണ്ടെന്നും ഒരംഗത്തിന് ഈ യൂണിയന്‍ കൊടുക്കുന്ന എല്ലാ അധികാര അവകാശങ്ങളും താങ്കള്‍ക്കും ലഭ്യമാണെന്നും സംഘടനയുടെ ഇടങ്ങള്‍ ജനാധിപത്യപരമായ ഏതൊരു സംവാദത്തിനും താങ്കള്‍ക്കും കൂടി തുറന്നിട്ടിരിക്കുകയാണെന്നും ഫെഫ്ക കത്തിലൂടെ അറിയിച്ചു. കൂടാതെ ഫെഫ്ക എന്നും ഇരയോടൊപ്പമാണ് കത്തില്‍ പറയുന്നു.

ആദ്യ ചിത്രമായ ഡാഡികൂള്‍ മുതല്‍ എക്കാലവും ഫെഫ്കയുടെ സഹായ സഹകരണങ്ങള്‍ ആഷിക് അബുവിന് ഉണ്ടായിട്ടുണ്ട്. ഡാഡികൂളിന്റെ സെറ്റില്‍ മറ്റൊരു സംഘടനയുടെ പേരില്‍ ഗുണ്ട ആക്രമണമുണ്ടായപ്പോള്‍ ആഷിക് അബുവിനും സഹപ്രവര്‍ത്തകര്‍ക്കും സംരക്ഷണമൊരുക്കിയതും നിയമപരമായ പരിരക്ഷ ഏര്‍പ്പാടാക്കിയതും ഫെഫ്കയാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ പിന്നീടും ആഷിക് അബു ഫെഫ്കയുടെ സഹായം തേടിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണരൂപം

പ്രിയ ആഷിഖ് അബു,

ഫെഫ്ക ഡയറക്‌റ്റേഴ്‌സ് യൂണിയന്റെ ഒരംഗത്തിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇങ്ങനെ ഒരു തുറന്ന കത്ത് എഴുതുന്നത് ആദ്യമായാണ്. ഇന്നലെ താങ്കളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ യൂണിയന്റെ വേദി താങ്കള്‍ക്ക് ഇപ്പോള്‍ ലഭ്യമല്ലെന്ന വ്യാജവാദം മുന്നോട്ടുവെച്ച് താങ്കള്‍ യൂണിയനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. യൂണിയന്‍ വേദി ഇപ്പോള്‍ ലഭ്യമല്ലെന്ന തോന്നല്‍ താങ്കള്‍ക്കുണ്ടാവാന്‍ കാരണമായി താങ്കള്‍ തന്നെ ചൂണ്ടിക്കാണിച്ചത് എക്‌സിക്യൂട്ടീവ് കമ്മിറ്റി താങ്കള്‍ക്കൊരു കാരണം കാണിക്കല്‍ നോട്ടീസ് തന്നിട്ടുണ്ടെന്നും അതിന് താങ്കള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല എന്നുമാണ്.

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫെഫ്ക ഇരയോടോപ്പമല്ല എന്നും പക്ഷപാതപരമായ നിലപാടുകള്‍ എടുത്തു എന്നും പ്രസ്തുത കുറിപ്പില്‍ താങ്കള്‍ ആരോപിക്കുന്നു. നടന്‍ ദിലീപ് കുറ്റാരോപിതനായി അറസ്റ്റ്‌ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ദിലീപിനെ ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്ത്‌കൊണ്ട് സംഘടനാതലത്തില്‍ ആദ്യം നടപടി സ്വീകരിച്ചത് ഫെഫ്കയാണ്. വിചാരണപൂര്‍ത്തിയാക്കി ദിലീപ് നിരപരാധിത്വം തെളിയിക്കുന്നുണ്ടെങ്കില്‍ മാത്രമേ ആ തീരുമാനം പുന:പരിശോധിക്കേണ്ടതുള്ളു എന്നതാണ് ഫെഫ്കയുടെ സുനിശ്ചിതമായ നിലപാട്. അന്നും ഇന്നും എന്നും ഫെഫ്ക ആക്രമണത്തിനിരയായ പെണ്‍കുട്ടിക്കൊപ്പമാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും ബോധ്യമുള്ളതാണ്.

താങ്കളുടെ ആദ്യ ചിത്രമായ ഡാഡികൂള്‍ മുതല്‍ എക്കാലവും ഫെഫ്കയുടെ സഹായ സഹകരണങ്ങള്‍ താങ്കള്‍ക്കുണ്ടായിട്ടുണ്ട്. ഡാഡികൂളിന്റെ സെറ്റില്‍ മറ്റൊരു സംഘടനയുടെ പേരില്‍ ഗുണ്ട ആക്രമണമുണ്ടായപ്പോള്‍ താങ്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സംരക്ഷണമൊരുക്കിയതും നിയമപരമായ പരിരക്ഷ ഏര്‍പ്പാടാക്കിയതും ഫെഫ്കയാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ പിന്നിടും താങ്കള്‍ ഫെഫ്കയുടെ സഹായം തേടിയിട്ടുണ്ട്.

ഫെഫ്കയുടെ കാരണംകാണിക്കല്‍ നോട്ടീസിനെക്കുറിച്ച് താങ്കള്‍ സമൂഹമാധ്യമങ്ങളില്‍ വസ്തുതാ വിരുദ്ധമായി പരാമര്‍ശിച്ച നിലയ്ക്ക്, താങ്കള്‍ തന്ത്രപരമായി മറച്ചുവെച്ച ആ നോട്ടിസിന്റെ ഉള്ളടക്കം കേരളത്തിലെ പൊതുസമുഹത്തെ അറിയിക്കണമെന്ന് സംഘടന തീരുമാനിച്ചിരിക്കുന്നു. ഈ വിഷയത്തില്‍ യൂണിയന്റെയും താങ്കളുടെയും ധാര്‍മ്മികതയേയും സത്യസന്ധതയേയും പൊതുസമൂഹം ഓഡിറ്റ് ചെയ്യട്ടെ.

ചട്ടപ്പടി തന്ന കാരണംകാണിക്കല്‍ നോട്ടിസിന് ഇതുവരെ മറുപടി നല്‍കാതെ സമൂഹ മാധ്യമങ്ങളിലൂടെ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന താങ്കളെ ഒന്നോര്‍മ്മിപ്പിക്കുന്നു, മേല്‍പറഞ്ഞ നോട്ടിസിന് കാരണമായ സംഭവം നടന്നതിന് ശേഷം അധികാരമേറ്റ ഭരണസമിതിയില്‍ ഒരംഗമായി രണ്ടുവര്‍ഷം താങ്കള്‍ പ്രവത്തിച്ചിട്ടുണ്ട്. ആ പദവി വഹിക്കുന്നതിന് താങ്കള്‍ ആരോപിക്കുന്ന ഫെഫ്കയുടെ ”ദുഷിപ്പുകള്‍” താങ്കള്‍ക്ക് തടസ്സമായില്ല എന്നതും പൊതുസമൂഹം വിലയിരുത്തട്ടെ. ടി കാലയളവില്‍ താങ്കള്‍ യൂണിയനു നല്‍കിയ സംഭാവനകളെക്കുറിച്ച് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.

ടി കാലയളവില്‍ ചേര്‍ന്ന കമ്മിറ്റി യോഗങ്ങളില്‍ എത്രയെണ്ണത്തില്‍ താങ്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു..? താങ്കള്‍ ഇപ്പോഴും ഫെഫ്കയില്‍ അംഗമായി തുടരുന്നുണ്ടെന്നും, ഒരംഗത്തിന് ഈ യൂണിയന്‍ കൊടുക്കുന്ന എല്ലാ അധികാര അവകാശങ്ങളും താങ്കള്‍ക്കും ലഭ്യമാണെന്നും, സംഘടനയുടെ ഇടങ്ങള്‍ ജനാധിപത്യപരമായ ഏതൊരു സംവാദത്തിനും താങ്കള്‍ക്കും കൂടി തുറന്നിട്ടിരിക്കുകയാണെന്നും സംഘടന അറിയിക്കുന്നു.

രണ്‍ജിപണിക്കര്‍ പ്രസിഡന്റ്

ജി എസ് വിജയന്‍ ജനറല്‍ സെക്രട്ടറി ഫെഫ്ക ഡയറക്‌റ്റേഴ്‌സ് യൂണിയന്‍

pathram desk 2:
Related Post
Leave a Comment