തിലകനെതിരായ നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണം; ‘അമ്മ’യ്‌ക്കെതിരെ ഷമ്മി തിലകന്‍

തിലകനെതിരായ നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് നടനും തിലകന്റെ മകനുമായ ഷമ്മി തിലകന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ‘അമ്മ’യ്ക്ക് ഷമ്മി തിലകന്‍ കത്ത് നല്‍കി. അമ്മ പ്രസിദ്ധീകരണത്തില്‍ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റി. താരസംഘടനയുടെ നടപടി വേദനാജനകമാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതോടെയാണ് വിവാദങ്ങള്‍ തലപൊക്കിയത്. ‘അമ്മ’ തിലകനോടും ദിലീപിനോടും രണ്ട് തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചതെന്ന ആരോപണവുമായി ഇതിനോടകം പലരും രംഗത്ത് വന്നുകഴിഞ്ഞു. 2010ല്‍ അമ്മ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് തിലകന്റെ മകള്‍ സോണിയ പുറത്തുവിട്ടിരുന്നു. നീതി കിട്ടുന്നില്ലെന്ന പരാതിയുമായാണ് തിലകന്‍ മോഹന്‍ലാലിന് കത്തയച്ചത്. എന്നാല്‍ അന്ന് അക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കാന്‍ ‘അമ്മ’ തയ്യാറായില്ല.

ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രമണം ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും അമ്മ സംഘടന നടപടിയെടുത്തില്ലെന്ന് കത്തില്‍ തിലകന്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ ‘അമ്മ’ മൗനം പാലിച്ചു. ജനാധിപത്യ മര്യാദ ലംഘനം ന്യായീകരിക്കുന്ന സംഘടനയാണ് ‘അമ്മ’. ഏകപക്ഷീയമായാണ് തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. തന്റെ വിശദീകരണം പോലും കേള്‍ക്കാന്‍ തയ്യാറായില്ല. അമ്മ സംഘടന കൊണ്ട് മലയാള സിനിമയ്ക്ക് ഒരു പുരോഗതിയും ഉണ്ടായില്ലെന്നും തിലകന്‍ കത്തില്‍ പറഞ്ഞിരുന്നു. കരാറിലേര്‍പ്പെട്ട ചിത്രം പോലും നിഷേധിക്കുമ്പോള്‍ അമ്മ മൗനം പാലിക്കുന്നുവെന്നായിരുന്നു തിലകന്‍ കത്തില്‍ ഉന്നയിച്ചിരുന്നത്. അമ്മയുടെ മൗനം ന്യായീകരിക്കാന്‍ ആകാത്ത തെറ്റെന്നും തിലകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തിലകനെ സീരിയലില്‍ അഭിനയിക്കുന്നത് പോലും അന്ന് വിലക്കിയെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ആത്മ സംഘടനയായിരുന്നു വിലക്കിയത്. അന്ന് തന്റെ വീട്ടിലിരുന്ന് തിലകന്‍ കരഞ്ഞുവെന്നും വിനയന്‍ പറഞ്ഞു. ദിലീപിനോട് സംഘടന കാണിച്ച പരിഗണന തിലകന് ലഭിച്ചില്ലെന്ന് മകള്‍ സോണിയ പറഞ്ഞു.

മലയാളത്തിന്റെ നടനവിസ്മയമായ തിലകന് മാസങ്ങളോളമാണ് അമ്മയില്‍ നിന്നുള്ള സസ്പെന്‍ഷനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്.2010ല്‍ വന്ന സസ്പെന്‍ഷന്‍ 2012 സെപ്തംബറില്‍ തിലകന്‍ മരിക്കുന്നവതുവരെയും ഈ വിലക്ക് മാറ്റമില്ലാതെ തുടര്‍ന്നു.

സസ്‌പെന്‍ഷന്‍ നിലനില്‍ക്കെ തന്നെയായിരുന്നു 2011ലെ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി മുതല്‍ അദ്ദേഹം അഭിനയിച്ച സിനിമകള്‍ എല്ലാം . രഞ്ജിത്തിനും അന്‍വര്‍ റഷീദിനുമെല്ലാം തിലകനെ തങ്ങളുടെ സിനിമയില്‍ നിന്നും ഒഴിവാക്കാനാവശ്യപ്പെട്ടുകൊണ്ട് അമ്മയില്‍ നിന്നും മറ്റു സംഘടനകളില്‍ നിന്നും കടുത്ത സമ്മര്‍ദമുണ്ടായിരുന്നതായാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്. താരസംഘടനയായ അമ്മയ്ക്കും സൂപ്പര്‍താര പദവികള്‍ക്കുമെതിരെ തുറന്നടിച്ചതിനായിരുന്നു തിലകനെ ‘അച്ചടക്കമില്ലായ്മ’യുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്.

‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് നല്‍കിയ ശേഷം ഫെഫ്ക ഇടപ്പെട്ടതിനെ തുടര്‍ന്നു തിലകനെ സിനിമയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു തിലകന്‍ അമ്മയ്ക്കും ഫെഫ്കയ്ക്കുമെതിരെ രംഗത്തുവന്നത്. മലയാള സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയില്‍ നിന്നും പിരിഞ്ഞ് പുതിയ സംഘടന ആരംഭിച്ചതിന്റെ പേരില്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്ന സംവിധായകന്‍ വിനയന്റെ സിനിമയില്‍ തിലകന്‍ അഭിനയിച്ചതായിരുന്നു ഫെഫ്ക ഭാരവാഹികളെ ചൊടിപ്പിച്ചത്. ഫെഫ്കയുടെ സമ്മതമില്ലാതെ സിനിമയുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത പരിതസ്ഥിതിയിലാണ് അഡ്വാന്‍സ് നല്‍കിയിട്ടും തിലകനെ ഒഴിവാക്കേണ്ടി വരുന്നതെന്ന് ക്രസ്ത്യന്‍ ബ്രദേഴ്‌സ് നിര്‍മ്മാതാവ് സുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത നടപടിയില്‍ സംഘടനയ്ക്കുള്ളില്‍ കടുത്ത അതൃപ്തി ഉടലെടുത്തിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെ സംഘടനയുടെ ചുമതലകളില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് സംഘടനയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. മുന്‍പ് ജോയിന്റ് സെക്രട്ടറി ആയിരുന്ന ഇടവേള ബാബുവിന് സംഘടനയുടെ ഭാഗമായി സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്ന ചുമതലകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കാര്യമായ സ്ഥാനം ഒന്നുമില്ലാതെ സംഘടനയില്‍ തുടരാന്‍ സാധിക്കില്ലെന്നും സംഘടന വിടുമെന്നും പറഞ്ഞ് നേതൃത്വത്തോട് വിലപേശിയ ഇടവേള ബാബു, ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയത് പിന്‍വാതില്‍ വഴിയാണെന്നും സംഘടനയില്‍ ആരോപണങ്ങളുണ്ട്.

ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്ന പോലെ മറ്റ് തിരക്കുകള്‍ ഉള്ള തനിക്ക് തുടരാന്‍ സാധിക്കില്ല എന്നുള്ളത് കൊണ്ട് നിലവിലെ പ്രസിഡന്റായ മോഹന്‍ലാല്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇടവേള ബാബുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. ഇപ്പോഴുണ്ടായ വിവാദങ്ങളില്‍ കടുത്ത അതൃപ്തിയുള്ള നേതൃത്വം ഇടവേള ബാബുവിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയേക്കും.

മുന്‍ നിര്‍വ്വാഹക സമിതി അംഗമായ രമ്യാ നമ്പീശനും, എക്‌സിക്യുട്ടീവ് മെമ്പറായിരുന്ന പത്മപ്രിയയും, മുതിര്‍ന്ന അംഗമായ രേവതിയും അ.ങ.ങ.അ എക്‌സിക്യുട്ടിവ് യോഗം ഉടന്‍ ചേരണമെന്ന് ആവശ്യപ്പെട്ട് സംഘടനയ്ക്ക് കത്തയച്ച പശ്ചാത്തലത്തില്‍ ഈ ആവശ്യം അവഗണിക്കാന്‍ സംഘടനയ്ക്ക് കഴിയില്ല. എന്നാല്‍ കത്ത് പരസ്യപ്പെടുത്തിയത് ശരിയായില്ലെന്നും, സംഘടനയുടെ രഹസ്യസ്വഭാവം ഇവര്‍ പാലിച്ചില്ലെന്നും പലര്‍ക്കും വിമര്‍ശനമുണ്ട്.

വിഷയത്തില്‍ ശരിയായ നിലപാട് എടുത്തില്ലെങ്കില്‍ സംഘടനയുമായി തുടര്‍ന്ന് സഹകരിക്കേണ്ട എന്നാണ് പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി തുടങ്ങിയ യുവതാരങ്ങളുടെ തീരുമാനമെന്നും സംഘടനയോട് അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ ലണ്ടനില്‍ ഒരു സിനിമയുടെ ചിത്രീകരണ തിരക്കിലുള്ള പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചുവന്നാല്‍ ഉടന്‍ വിഷയത്തില്‍ അടിയന്തര തീരുമാനങ്ങള്‍ സംഘടന കൈക്കൊള്ളും എന്നറിയുന്നു.

pathram desk 1:
Related Post
Leave a Comment