വീണ്ടും ഞെട്ടിച്ച് സൗദി; സ്ത്രീകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താനും അനുമതി; ഇതിനായി പ്രത്യേക വായ്പയും

റിയാദ്: സൗദി വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങളുമായി സൗദി ഭരണകൂടം. വാഹനമോടിക്കാന്‍ അനുമതി കൊടുത്തതിനു പുറമെ വനിതകള്‍ക്ക് ടാക്‌സി കാറുകള്‍ ഓടിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ടാക്‌സി സര്‍വീസ് നടത്തുന്നതിന് ഒന്നര ലക്ഷം റിയാല്‍ വായ്പ അനുവദിച്ചിരിക്കുകയാണിപ്പോള്‍. സാമൂഹിക വികസന ബാങ്കാണ് വായ്പ അനുവദിച്ചത്. സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സ്വദേശി വനിതകള്‍ക്കായാണ് ഈ ലഘു വായ്പ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ ലൈസന്‍സ് അനുവദിച്ച പശ്ചാത്തലത്തിലാണ് സ്വദേശി വനിതകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്തുന്നതിന് വായ്പ അനുവദിക്കുന്നത്. സ്വയം സംരംഭകരായി മുന്നോട്ടുവരുന്ന ഡ്രൈവിംഗ് ലൈസന്‍സുളള യുവതികള്‍ക്കാണ് ലഘു വായ്പ അനുവദിക്കുന്നതെന്ന് സാമൂഹിക വികസന ബാങ്ക് അറിയിച്ചു.

ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളായ യൂബര്‍, കരിം തുടങ്ങിയ സ്ഥാപനങ്ങളില്‍ നിരവധി വനിതകള്‍ ജോലി ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ശരാശരി മൂവായിരം റിയാലാണ് വനിതകള്‍ക്ക് ശമ്പളം ലഭിക്കുന്നത്. ടാക്‌സി മേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്തിയാല്‍ ഇതിലും മികച്ച വരുമാനം വനിതകള്‍ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ വനിതകള്‍ ടാക്‌സി െ്രെഡവര്‍മാരാകാന്‍ സന്നദ്ധരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ സൗദി തൊഴില്‍ മേഖലയില്‍ സ്വദേശി വനിതകള്‍ 22 ശതമാണ്. ഇത് 30 ശതമാനമായി ഉയര്‍ത്തുന്നതിന് മിഷന്‍ 2030ന്റെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് സാമൂഹിക വികസന ബാങ്ക് വാഹന വായ്പ എന്ന പദ്ധതി പ്രഖ്യാപിച്ചത്.

pathram:
Leave a Comment