രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമപ്രവര്‍ത്തകര്‍,’ദ് സര്‍വൈവര്‍’ ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

കൊച്ചി:താരസംഘടനയായ അമ്മയില്‍ നിന്നും രാജി വെച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമപ്രവര്‍ത്തകര്‍. മീഡിയ വിത്ത് ദ് സര്‍വൈവര്‍ (#mediawiththesurvivor) എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ മാധ്യമപ്രവര്‍ത്തകര്‍ നിലപാട് വ്യക്തമാക്കി. നടിമാരുടെ തീരുമാനത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നു എന്ന് വിശദീകരിക്കുന്ന രീതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ ഹാഷ് ടാഗ് കാംപയ്ന് തുടക്കം കുറിച്ചിരിക്കുന്നത്. താരസംഘടനയുടെ നേതൃത്വത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് നാല് നടിമാര്‍ അമ്മയില്‍നിന്ന് രാജിവെച്ചത്.

‘സിനിമയുടെ ആണധികാരത്തോട് കലഹിച്ച് പൊതുസമൂഹത്തിലേക്ക് ഇറങ്ങിവരാനുള്ള നടിമാരുടെ തീരുമാനത്തെ മാധ്യമപ്രവര്‍ത്തകര്‍ ബഹുമാനിക്കുന്നു എന്ന് വ്യക്തമാക്കിയാണ് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് കാംപയ്ന്‍ നടക്കുന്നത്. വിവിധ മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ ഹാഷ്ടാഗിന് പിന്തുണ നല്‍കി.

ഹാഷ്ടാഗ് കാംപയ്ന്റെ പൂര്‍ണ രൂപം;

സിനിമാ അഭിനേതാക്കളുടെ സംഘടനയായ A.M.M.A. യില്‍ നിന്ന്, നേതൃത്വത്തില്‍ അവിശ്വാസവും വിയോജിപ്പും പരസ്യമായി രേഖപ്പെടുത്തിക്കൊണ്ട് ധീരമായി രാജിവെച്ച ഭാവന, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്ക് സ്നേഹാഭിവാദ്യങ്ങള്‍.

ലൈംഗികാക്രമണത്തെ അതിജീവിച്ച ആ അഭിനേതാവ് പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കുന്നത് സമാനതകളില്ലാത്ത ഉദാഹരണമായാണ്. സ്വന്തം ശരീരത്തിനും ലൈംഗികതയ്ക്കും മനസ്സിനും മേല്‍ ആക്രമണം നടത്തിയവരേയും അതിന് ക്വട്ടേഷന്‍ കൊടുത്തവരേയും അതുകണ്ടുനിന്നവരേയും ആക്രമിച്ചവരെ സംരക്ഷിക്കാന്‍ ശ്രമിച്ചവരേയും ചോദ്യം ചെയ്ത് A.M.M.A. എന്ന സംഘടനയില്‍ നിന്ന് രാജിവെക്കാനുള്ള തീരുമാനം ചരിത്രപരമായ ഒന്നാണ്.

സിനിമയുടെ ആണധികാരത്തോട് കലഹിച്ച് പൊതുസമൂഹത്തിലേക്കിറങ്ങി വരാനുള്ള ആ നാല് സ്ത്രീകളുടെ തീരുമാനത്തെ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ബഹുമാനിക്കുന്നു. ഒട്ടും എളുപ്പമല്ലാത്ത, അധികമാര്‍ക്കും എടുക്കാന്‍ കഴിയാത്ത ആ രാജി തീരുമാനം ഭാവനയും റിമയും ഗീതുവും രമ്യയും എടുത്തിട്ടുണ്ടെങ്കില്‍ അത് നിയമവ്യവസ്ഥയോടും രാഷ്ട്രീയ നേതൃത്വങ്ങളോടും മനുഷ്യരോടും മാധ്യമങ്ങളോടുമുള്ള വിശ്വാസം കൊണ്ടാണ്.

അവര്‍ മനുഷ്യരോടും നിയമത്തോടും മാധ്യമങ്ങളോടും ജനാധിപത്യത്തോടും പുലര്‍ത്തുന്ന വിശ്വാസം ഞങ്ങളുടെ കൂടി വിശ്വാസമായി ഏറ്റെടുക്കുന്നു. നിരുപാധികം അവര്‍ക്കൊപ്പം നില്‍ക്കുന്നു.

pathram desk 2:
Related Post
Leave a Comment