അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ മുകേഷ്. നടിമാരുടെ രാജി വിഷയത്തില്‍ എംഎല്‍എ കൂടിയായ മുകേഷിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മുകേഷിനും ഗണേഷ് കുമാറിനുമെതിരെ മന്ത്രി ജി.സുധാകരനും വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് പ്രതികരിച്ചത്.
അമ്മയിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് വിശദീകരിക്കുമെന്ന് മുകേഷ് പറഞ്ഞു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും മുകേഷ് വ്യക്തമാക്കി.
നടിമാര്‍ രാജിവെച്ച സംഭവത്തില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ പോലും നിലപാട് എടുത്തില്ലെന്നായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ കുറ്റപ്പെടുത്തിയത്. ഇവരില്‍നിന്ന് ഇത്തരത്തിലുള്ള ഒരു നീക്കമല്ല പ്രതീക്ഷിച്ചത്. അവര്‍ അവധാനതയോടെ കാര്യങ്ങള്‍ കാണേണ്ടിയിരുന്നു. എംപിയും എംഎല്‍എമാരും നിലപാട് അറിയിക്കേണ്ടതായിരുന്നു. സംഘടന ജനാധിപത്യപരമായല്ല തീരുമാനമെടുത്തതെന്നുമായിരുന്നു ജോസഫൈന്‍ പ്രതികരിച്ചത്. മുകേഷും ഗണേഷ് കുമാറും തെറ്റിധാരണകള്‍ തിരുത്തണമെന്നായിരുന്നു ജി.സുധാകരന്‍ പറഞ്ഞത്.
അതേസമയം ആക്രമിക്കപ്പെട്ട നടിയ്ക്ക് സിനിമയില്‍ താന്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. സുഹൃത്തുക്കളോടാണ് തന്റെ നിലപാട് ദിലീപ് വ്യക്തമാക്കിയിരിക്കുന്നത്.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്ക്കു പരാതി ലഭിച്ചെങ്കില്‍ വിശദീകരണം ചോദിക്കണമായിരുന്നു. തന്നെ പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ല, തിരിച്ചെടുത്തതിനും രേഖയില്ല. മാത്രമല്ല, ജാമ്യത്തില്‍ കഴിയുന്നതിനാല്‍ പരസ്യപ്രതികരണത്തിനു നിയമവിലക്കുണ്ടെന്നും ദിലീപ് സുഹൃത്തുക്കളോട് അറിയിച്ചു എന്നാണ് വിവരം.
Leave a Comment