‘ലാലേട്ടന്‍ രാജി വയ്ക്കുക, ഹാര്‍വി വെയിന്‍സ്റ്റീനിനെ അമ്മയുടെ പ്രസിഡന്റാക്കുക’,പരിഹാസവുമായി എന്‍ എസ് മാധവന്‍

കൊച്ചി:അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മോഹന്‍ലാല്‍ രാജിവയ്ക്കണമെന്നും പകരം ഹോളിവുഡ് സിനിമാ നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനിനെ പ്രസിഡന്റായി നിയമിക്കണമെന്നും പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്.മാധവന്റെ പരിഹാസം.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘടന പുറത്താക്കുകയും ഇപ്പോള്‍ തിരിച്ചെടുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് എന്‍.എസ്.മാധവന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അമ്മയുടെ പുതിയ എക്സിക്യൂട്ടീവ് ബോഡി കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. പ്രസിഡന്റായി മോഹന്‍ലാലിനെ തിരഞ്ഞെടുത്തു. ഈ യോഗത്തിലായിരുന്നു ദിലീപിനെ തിരിച്ചെടുക്കാനുള്ള സംഘടനയുടെ തീരുമാനം.

ഈ തീരുമാനത്തെ കഴിഞ്ഞദിവസവും എന്‍.എസ്.മാധവന്‍ വിമര്‍ശിച്ചിരുന്നു. അമ്മയുടെ നടപടി നികൃഷ്ടമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ഹോളിവുഡ് നടി അലീസ മിലാനോ തുടക്കം കുറിച്ച മീ ടൂ ക്യാംപെയിനെ പരാമര്‍ശിച്ചാണ് എന്‍.എസ്.മാധവന്റെ ട്വീറ്റ്. ഏറ്റവും നികൃഷ്ടമായ മീ ടൂ സംഭവം നടന്നത് ഹോളിവുഡിലല്ല, കേരളത്തിലാണ്. ‘മലയാളത്തിലെ ഒരു നടിയെ ബലാത്സംഗം ചെയ്യുന്നതിന് ഒരു നടന്‍ പണം കൊടുത്ത് ഒരു സംഘത്തെ വിലയ്ക്കെടുത്തു എന്ന ആരോപണത്തില്‍ ആ കേസ് നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍, അതിനിടയില്‍ താരസംഘടനയായ അമ്മയിലെ ആണ്‍കൂട്ടം കുറ്റാരോപിതനൊപ്പം നിന്ന് മീ ടൂ എന്ന് ആക്രോശിക്കുന്നു,’ എന്‍.എസ്.മാധവന്റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

ഇന്ന് വീണ്ടും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ലാലേട്ടന്‍ രാജി വയ്ക്കുക, ഹാര്‍വി വെയിന്‍സ്റ്റീനിനെ അമ്മയുടെ പ്രസിഡന്റാക്കുക’ എന്ന് പരിഹസിച്ചുകൊണ്ടാണ് പുതിയ ട്വീറ്റ്.

ലൈംഗികാതിക്രമ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഹോളിവുഡ് നിര്‍മാതാവാണ് ഹാര്‍വി വെയിന്‍സ്റ്റീന്‍. നൂറിലധികം നടിമാരാണ് വെയിന്‍സ്റ്റീനിനെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നത്.

കാനിലെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നല്‍കാനായി വേദിയില്‍ എത്തിയ ആസ്യാ അര്‍ജെന്റോയും ഹാര്‍വി വെയിന്‍സ്റ്റീന്‍ തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരുന്നു.

pathram desk 2:
Leave a Comment