മലയാളത്തിലെ ബിഗ് ബോസായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാന്‍ കടന്നുവരുന്നത് ആകാഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്നു വൈകുന്നേരം 7 മണിക്ക് ഏഷ്യാനെറ്റില്‍ മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ സംപ്രേഷണം ആരംഭിക്കും. ഇപ്പോഴിതാ ഷോയുടെ കൂടുതല്‍ വിശേഷങ്ങള്‍ മോഹന്‍ലാല്‍ പങ്കു വെച്ചിരിക്കുകയാണ്. അന്യന്റെ സ്വകാര്യ ജീവിതത്തിലും രഹസ്യങ്ങളിലും ഒളിഞ്ഞു നോക്കാനുള്ള ആളുകളുടെ പൊതുസ്വഭാവം തന്നെയാണ് ഇത്തരമൊരു ഷോയുടെ അടിസ്ഥാനമെന്നാണ് താരം പറയുന്നത്.
‘അന്യരുടെ സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങളില്‍ ഒളിഞ്ഞു നോക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അത് തന്നെയാണ് ഈ ഷോയുടെ രഹസ്യവും എന്ന് ഷോയില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളോട് ഇക്കാര്യങ്ങളൊക്കെ മുമ്പ് തന്നെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ ആരുടെയും സ്വകാര്യതയില്‍ കടന്നുകയറുന്നില്ല. അവരുടെ എല്ലാ ആക്ഷനുകളും ക്യാമറകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അവയെല്ലാം സംപ്രേഷണം ചെയ്യപ്പെടുമെന്നും അവര്‍ക്കറിയാം അതെല്ലാം അവരോട് പറഞ്ഞിട്ടുമുണ്ട്. അവര്‍ എല്ലാ കാര്യങ്ങള്‍ക്കും സമ്മതമറിയിച്ചിട്ടുണ്ട്. അങ്ങനെയാണ് ഷോയിലേക്ക് അവരെല്ലാം തെരഞ്ഞെടുക്കപ്പെട്ടതും. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.
ഷോയില്‍ പങ്കെടുക്കുന്ന 16 മത്സരാര്‍ഥികള്‍ക്കും 16 വ്യത്യസ്ത വ്യക്തിത്വങ്ങളാണുള്ളത്. ഇതൊരു വലിയ പരിപാടിയാണ്. അതിനനുസരിച്ചുള്ള മാനസികസമ്മര്‍ദവും മത്സരാര്‍ഥികള്‍ക്കുണ്ടാകും, അതിനാല്‍ ഷോയില്‍ അവരെ സഹായിക്കാനായി സൈക്കോളജിസ്റ്റുകളും സൈക്യാട്ടിസ്റ്റുകളുമുണ്ട്. മോഹന്‍ലാല്‍ പറഞ്ഞു.
ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുക്കുന്ന സെലിബ്രിറ്റികള്‍ ആരൊക്കെയാണ് എന്നത് ഇപ്പോഴും ഏഷ്യാനെറ്റ് സര്‍പ്രൈസാക്കി വെച്ചിരിക്കുകയാണ്. 16 സെലിബ്രിറ്റികളാണ് ഈ മത്സരത്തില്‍ പങ്കെടുക്കുക. ‘ബിഗ് ബോസ്’ ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഒരു വീട്ടില്‍ 100 ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇവര്‍ താമസിക്കും. ഈ വീട് മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലായിരിക്കും. മത്സരാര്‍ത്ഥികളുടെ ഓരോ ചലനങ്ങളും ക്യാമറയില്‍ പകര്‍ത്തിയശേഷം ടിവിയിലൂടെ പ്രദര്‍ശിപ്പിക്കും. മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസിന്റെ കര്‍ശന നിയമാവലികളുണ്ട്. ഇത് അനുസരിച്ചായിരിക്കും ഹൗസിലെ പെരുമാറ്റചട്ടം. നിയമം തെറ്റിക്കുന്നവര്‍ക്ക് ശിക്ഷയും ബിഗ് ബോസ് വിധിക്കും. നിലവില്‍ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ് എന്നീ ഭാഷകളില്‍ ബിഗ് ബോസ് ഷോയുണ്ട്. മുംബൈയിലെ ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് മലയാളത്തിനായി സെറ്റ് ഒരുക്കിയിരിക്കുന്നത്.
അമേരിക്കയിലെ ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. ശില്‍പ്പാ ഷെട്ടിയെ വംശീയമായി അധിക്ഷേപിച്ചതിന്റെ പേരിലാണ് ബിഗ് ബോസ് ഇന്ത്യയില്‍ ആദ്യമായി ചര്‍ച്ചയാകുന്നത്. ഇതിന് പിന്നാലെയാണ് ഈ റിയാലിറ്റി ഷോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതും വലിയ വിജയമായി മാറിയതും.
Leave a Comment