ബോളിവുഡ് നടന്‍താരം സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന ‘സഞ്ജു’ എന്ന രാജ്കുമാര്‍ ഹിറാനി ചിത്രത്തില്‍ യുവനടന്‍ രണ്‍ബീര്‍ കപൂറാണ് നായകന്‍. ചിത്രത്തിന്റെ ടീസറും പോസ്റ്ററുമെല്ലാം പുറത്തു വന്നപ്പോള്‍ തന്നെ സഞ്ജയും രണ്‍ബീറും തമ്മിലുള്ള രൂപസാദൃശ്യമായിരുന്നു ബോളിവുഡില്‍ ചര്‍ച്ചാവിഷയം. സഞ്ജുവിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജയ് യോടുള്ള അടുപ്പവും അതിനോടുള്ള തന്റെ അച്ഛന്റെ പ്രതികരണവുമെല്ലാം തുറന്നു പറയുകയാണ് യുവനടന്‍ രണ്‍ബീര്‍.
സഞ്ജയ് ദത്ത് എന്ന വ്യക്തി തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും അത് അച്ഛന്‍ ഋഷി കപൂറിനെ ഒരുകാലത്ത് അസ്വസ്ഥനാക്കിയിരുന്നുവെന്നും പറയുകയാണ് രണ്‍ബീര്‍. ‘ഞാന്‍ സഞ്ജയ് ദത്തിനെ കാണുന്നത് 1993ല്‍ ഷാഹിബാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു. എന്റെ പപ്പയും(ഋഷി കപൂര്‍) ആ സിനിമയില്‍ ഉണ്ടായിരുന്നു. ഒരു ജുബ്ബ ധരിച്ച് നല്ല നീളന്‍ മുടിയുമായി നില്‍ക്കുന്ന സഞ്ജയ് സാറിന്റെ രൂപം എന്നെ വല്ലാതെ ആകര്‍ഷിച്ചു. സഞ്ജയ് സാറിന്റെ ചിത്രങ്ങള്‍ മാസികകളില്‍ നിന്ന് വെട്ടിയെടുത്ത് എന്റെ സഹോദരിമാര്‍ ചുമരില്‍ പതിച്ചിരുന്നു. അതെല്ലാം കണ്ടപ്പോള്‍ പതിയെ ഞാന്‍ അദ്ദേഹത്തെ ആരാധിക്കാന്‍ തുടങ്ങി.
സഞ്ജയ് സാര്‍ ഞങ്ങളുടെ കുടുംബവുമായി അടുപ്പം സൂക്ഷിച്ചിരുന്നു. എന്നെ ഒരു അനുജനെ പോലെയാണ് കരുതിയിരുന്നത്. പിറന്നാള്‍ ദിനങ്ങളില്‍ സമ്മാനങ്ങള്‍ കൊണ്ട് എന്നെ വീര്‍പ്പുമുട്ടിക്കുമായിരുന്നു. അങ്ങനെ ഒരിക്കല്‍, എന്റെ പിറന്നാളിന് എനിക്ക് ഒരു ഹാര്‍ലി ഡേവിന്‍സണ്‍ ബൈക്ക് സമ്മാനമായി നല്‍കി.
പപ്പയ്ക്ക് ബൈക്ക് ഇഷ്ടമല്ലായിരുന്നു. അതറിയാവുന്ന ഞാന്‍ ആ ബൈക്ക് പപ്പയുടെ കണ്ണില്‍പ്പെടാതെ ഒരുപാട് കാലം ഒളിപ്പിച്ച് വച്ചു. ഒരിക്കല്‍ പപ്പ അത് കണ്ടുപിടിച്ചു. ദേഷ്യം വന്ന പപ്പ അപ്പോള്‍ തന്നെ ഫോണിലൂടെ സഞ്ജയ് സാറിനെ വിളിച്ചു ദേഷ്യപ്പെട്ടു. എന്റെ മകനെ നശിപ്പിക്കരുത്, അവനെ നിന്നെപ്പോലെയാക്കി തീര്‍ക്കരുത്. പപ്പയ്ക്ക് എന്തോ അതൊന്നും ഇഷ്ടമായിരുന്നില്ല. പപ്പയെ ഭയന്ന് ആ ബൈക്ക് കുറേ കാലത്തേക്ക് ഞാന്‍ ഓടിച്ചില്ല. എന്റെ സമ്പാദ്യങ്ങളില്‍ ഏറ്റവും വിലപ്പെട്ട ഒന്നാണത്.
സഞ്ജയ് സാറാകാന്‍ എനിക്ക് കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം തന്നെയാണ് എനിക്ക് ധൈര്യം തന്നത്. ഒരാളുടെ ബയോപിക് ചെയ്യുമ്പോള്‍ അത് വെറും അനുകരണമായി തീരരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനി പ്രേക്ഷകരാണ് എല്ലാം തീരുമാനിക്കേണ്ടത്’- രണ്‍ബീര്‍ പറഞ്ഞു.
Leave a Comment