രാജ്യം നടുങ്ങിയ കത്‌വ സംഭവത്തില്‍ ഇരയ്ക്ക് വേണ്ടി പോരാടാനിറങ്ങിയ അഭിഭാഷക ദീപിക സിങ് കേരളത്തിനെ കുറിച്ച് പറഞ്ഞത് കേട്ടാല്‍ ആര്‍ക്കും അഭിമാനംകൊള്ളും. കേരളത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നേരിട്ട അനുഭവങ്ങള്‍ അവര്‍ തുറന്നുപറഞ്ഞത്. എനിക്കും എന്റെ കുടുംബത്തിനുമെതിരെ നടക്കുന്നത് വന്‍ഭീഷണികളും സൈബര്‍ ആക്രമണങ്ങളുമാണ്. എന്നാല്‍ ഇതുകെണ്ടൊന്നും പേടിച്ച് പിന്നോട്ട് പോകുന്നൊരാളല്ല ഞാന്‍. ജീവന്‍ പകരം നല്‍കേണ്ടി വന്നാലും കേസില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും അക്രമങ്ങള്‍ക്കെതിരെ യുവതലമുറ മുഖം തിരിക്കരുതെന്നും ദീപിക പറഞ്ഞു. ജമ്മുകശ്മീരില്‍ തനിക്ക് പൂമാലകളേക്കാള്‍ ചെരുപ്പേറുകളും കല്ലേറുകളുമാണ് ലഭിച്ചത് എങ്കില്‍ ഈ നാട്ടിലെ സ്‌നേഹം എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ഇത് എനിക്ക് കൂടുതല്‍ കരുത്തേകുന്നു. കേരളം ഒരു മാതൃകാ സംസ്ഥാനമാണെന്നും ദീപിക സിങ് പറഞ്ഞു. കേരളം വലിയ പ്രതീക്ഷയാണ് രാജ്യത്തിന് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
തനിക്ക് കത്വ പീഡനകേസിലെ കുട്ടിയുടെ പ്രായത്തിലുള്ള ഒരു മകളുണ്ട് അത് തന്റെ ഉറക്കം കെടുത്തിയിരുന്നു. അതായിരിക്കണം ഉത്തരവാദിത്തബോധത്തോടെ ധര്‍മ്മത്തില്‍ പാതയില്‍ നേരിനുവേണ്ടി മരിക്കാന്‍ ഭയമില്ലാതെ പ്രവര്‍ത്തിക്കാനായതെന്നും അതിന്റെ പേരില്‍ വധഭീഷണികളൊരുപാടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. തനിക്കും തന്റെ കുടുംബത്തിനുമെതിരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തന്റെ അനുജത്തിയെ മോശമായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയിരുന്നു. പക്ഷേ ഇതുകൊണ്ടൊന്നും എന്നെ പേടിപ്പാക്കാമെന്ന് കരുതിയവര്‍ക്ക് തെറ്റിയെന്നും ദീപിക.
തൃപ്രയാറില്‍ കഴിമ്പ്രം ഡിവിഷന്‍ തളികുളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സല്യൂട്ട് സക്‌സസ് 2018 പുരസ്‌കാരവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് ദീപികാ സിങ് യൂത്ത് ഐക്കണ്‍ പുരസ്‌ക്കാരം സമ്മാനിച്ചു.
കത്വ സംഭവത്തില്‍ ദീപിക നടത്തിയ ഇടപെടലുകള്‍ രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ വേണ്ടി കേസ് സ്വയമേവ ഏറ്റെടുത്ത് കോടതിയില്‍ പോരാടുകയായിരുന്നു ദീപിക സിങ്. കേസുമായി മുന്നോട്ട് പോവുമ്പോള്‍ നീതിപീഠത്തിന്റെ പ്രതിനിധികള്‍ തന്നെ ദീപികയ്‌ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയതും വാര്‍ത്തകളായിരുന്നു. ജമ്മുകശ്മീര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റാണ് ആദ്യം ദീപികയ്‌ക്കെതിരെ ഭീഷണിയുമായി എത്തിയത്. കേസില്‍ ഹാജരാവരുതെന്നും ഹാജരായാല്‍ അത് എങ്ങനെ നേരിടണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് ജമ്മുകശ്മീര്‍ ഹൈക്കോടതിയിലും സുപ്രീം കോടതി ചീഫ് ജസ്റ്റിനും ഭൂപീന്ദര്‍ സിങ്ങിനെതിരെ ദീപിക പരാതി നല്‍കുകയും കേസില്‍ ഹാജരാവുന്നതിന് തനിക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
Leave a Comment