കെജ്‌രിവാള്‍ നക്‌സലൈറ്റ്!!! എന്തിനാണ് മറ്റു മുഖ്യമന്ത്രിമാര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ധര്‍ണ്ണ തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നക്സലൈറ്റാണെന്നും എന്തിനാണ് മറ്റ് മുഖ്യമന്ത്രിമാര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ‘ദല്‍ഹി മുഖ്യമന്ത്രി ഒരു നക്സലൈറ്റാണ്. എന്തിനാണ് അവര്‍ ( പിണറായി വിജയന്‍, മമതാ ബാനര്‍ജി, ചന്ദ്രബാബു നായിഡു, എച്ച്.ഡി കുമാരസ്വാമി) അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്.’

നാല് മുഖ്യമന്ത്രിമാര്‍ അരവിന്ദ് കെജ്രിവാളിന് പിന്തുണയുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. നേരത്തെ കെജ്രിവാളിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാല് മുഖ്യമന്ത്രിമാര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. കെജ്‌രിവാളിനെ രാജ്‌നിവാസില്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി നാലു മുഖ്യമന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. ഇതിനു പിന്നാലെയാണ് കെജ്രിവാളിന്റെ വസതിയില്‍ നാലു മുഖ്യമന്ത്രിമാരും എത്തിയത്.

സര്‍ക്കാരിനോടുള്ള ഐ.എ.എസ് ഓഫീസര്‍മാരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയായ രാജ്‌നിവാസില്‍ സമരം ചെയ്യുന്നത്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍,ഗോപാല്‍ റായ് എന്നിവരാണ് കെജ്രിവാളിനൊപ്പം കുത്തിയിരിപ്പ് സത്യഗ്രഹം അനുഷ്ഠിക്കുന്ന മന്ത്രിമാര്‍. ഞായറാഴ്ച നടക്കുന്ന നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയതായിരുന്നു പിണറായി അടക്കമുള്ള മുഖ്യമന്ത്രിമാര്‍.

pathram desk 1:
Related Post
Leave a Comment