ബ്രാമിനിക്കല്‍ പ്രത്യയശാസ്ത്രങ്ങള്‍ക്കുള്ള സംവിധായകന്റെ കരുത്തുറ്റ സാംസ്‌കാരിക മറുപടി എന്ന് ചിത്രത്തെ വിശേഷിപ്പിച്ചു കൊണ്ട് ജിഗ്‌നേഷ് മേവാനി പറയുന്നു, ‘കാല’യായുക എന്നാല്‍ കറുത്തവനാകുക എന്നാണ്, കറുത്തവനെന്നാല്‍ കഷ്ടപ്പാടറിഞ്ഞവനുമാകണം.
രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘കാല’ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് വരികയാണ്. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ചിത്രം അതിലെ ദലിത് രാഷ്ട്രീയ പ്രതിപാദ്യവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു. തന്റെ മുന്‍കാല സിനിമകളില്‍ സംവിധായകന്‍ ഈ വിഷയം സംസാരിച്ചിട്ടുണ്ടെങ്കിലും, രജനിയുടെ രാഷ്ട്രീയ പ്രവേശനവുമായി കോര്‍ത്തിണക്കി വായിക്കപ്പെടുന്ന ‘കാല’യ്ക്ക് സമകാലിക സിനിമയില്‍ മാത്രമല്ല, സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിലും പ്രസക്തിയേറുന്നു.
രജനീകാന്തിനേക്കാളും പാ രഞ്ജിത്ത് എന്ന സംവിധായകന്റെ സിനിമയിലും അത് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിലും തനിക്ക് വിശ്വാസമുണ്ട് എന്ന് ‘കാല’ സിനിമയെക്കുറിച്ച് ഗുജറാത്തിലെ എംഎല്‍എയും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് കണ്‍വീനറുമായ ജിഗ്‌നേഷ് മേവാനി പ്രതികരിച്ചു. ‘ദി പ്രിന്റ്’ എന്ന വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് ജിഗ്‌നേഷ് മേവാനി ഇങ്ങനെ പറഞ്ഞത്.
”സിനിമയിലും മാധ്യമങ്ങളിലും തങ്ങളുടെ പ്രശ്നങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നൊരു തോന്നല്‍ രാജ്യത്തെ ദലിതര്‍ക്കും അടിസ്ഥാന വര്‍ഗക്കാര്‍ക്കും ഉണ്ട്. മുഖ്യധാര സിനിമയും മാധ്യമങ്ങളും അദൃശ്യമാക്കിക്കളയുന്ന പലതും ചിത്രം എടുത്തുകാട്ടുന്നു, ‘ജയ് ഭീം’ മുദ്രാവാക്യങ്ങള്‍, അംബേദ്കര്‍, ഗൗതമ ബുദ്ധന്‍ ഇമേജറികള്‍ എന്നിങ്ങനെ.”.
ബ്രാമിനിക്കല്‍ പ്രത്യയശാസ്ത്രങ്ങള്‍ക്കുള്ള സംവിധായകന്റെ കരുത്തുറ്റ സാംസ്‌കാരിക മറുപടി എന്ന് ചിത്രത്തെ വിശേഷിപ്പിച്ചു കൊണ്ട് ജിഗ്‌നേഷ് മേവാനി എഴുതി, ‘കാല’യായുക എന്നാല്‍ കറുത്തവനാകുക എന്നാണ്, കറുത്തവനെന്നാല്‍ കഷ്ടപ്പാടറിഞ്ഞവനുമാകണം.
”കഷ്ടപ്പെടുന്നവരുടെ കൂട്ടത്തില്‍ നിന്നും ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍, അധികാരം കൈയ്യാളുന്നവര്‍ അവനെ ‘രാവണന്‍’ എന്ന് മുദ്ര കുത്തി തള്ളിക്കളയുന്നു. ‘കാല’ എന്ന കഥാപാത്രം മരണപ്പെടുമ്പോള്‍ രഞ്ജിത്ത് അവിടെ ചേര്‍ത്ത സംഭാഷണം ശ്രദ്ധേയമാണ്. രാവണന്റെ ഒരു തല മുറിച്ചു കളയുമ്പോള്‍ ഒരു കൂട്ടം തലകള്‍ ഉയര്‍ന്നു വരും. അവിടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്ന കാര്യമിതാണ് ‘കാല’യെ ഇല്ലാതാക്കാം, പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും ഇല്ലാതെയാക്കാന്‍ ഒരിക്കലും പറ്റില്ല. ഒരായിരം ‘കാല’മാര്‍ പൊട്ടിമുളയ്ക്കും.”, ‘ദി പ്രിന്റി’ല്‍ എഴുതിയ കുറിപ്പില്‍ ജിഗ്‌നേഷ് മേവാനി കൂട്ടിച്ചേര്‍ക്കുന്നു.
Leave a Comment