കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു പോയ മാതാപിതാക്കള്‍ക്ക് കുറ്റബോധം. കുഞ്ഞിനെ ഉപേക്ഷിച്ചതില്‍ പശ്ചാത്താപമുണ്ടെന്നും കുട്ടിയെ തിരികെ വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു. മാതാപിതാക്കളുടെ നിലവിലെ സാമ്പത്തിക ശേഷിയും മറ്റ് സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം കുട്ടിയെ വിട്ടുകൊടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കി.
സാമ്പത്തിക ശേഷി ഇല്ലാത്തതിനാലും നാലാമത്തെ കുട്ടി ഉണ്ടായതിനെ തുടര്‍ന്നുള്ള പരിഹാസങ്ങള്‍ കാരണവുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു പിതാവ് ടിറ്റോ പോലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചത് തെറ്റാണെന്നും ചെയ്തതില്‍ പശ്ചാത്തപിക്കുന്നുവെന്നും മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയോട് പറഞ്ഞു.
കുഞ്ഞിനെ അപകടാവസ്ഥയില്‍ ഉപേക്ഷിച്ചെന്ന കേസില്‍ റിമാന്റിലായിരുന്ന മാതാപിതാക്കള്‍ ജാമ്യം ലഭിച്ചതോടെയാണ് കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്. പത്ത് ദിവസം പ്രായമുള്ള കുഞ്ഞ് ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.
Leave a Comment