കൊച്ചി:തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ സ്മെല്‍റ്റിംഗ് പ്ലാന്റിനെതിരേ നടക്കുന്ന സമരത്തിനിടയില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ ചൊവ്വാഴ്ച അര്‍ദ്ധ രാത്രി വിജയ് സന്ദര്‍ശിച്ചിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു വിജയ് യുടെ സന്ദര്‍ശനം. എല്ലാവരേയും അറിയിച്ച് വലിയൊരു ആള്‍ക്കൂട്ടത്തിനൊപ്പം കൊല്ലപ്പെട്ടവരുടെ വീടുകളിലേക്ക് പോകേണ്ടതില്ലെന്ന തീരുമാനപ്രകാരം വിജയ് ഒരു ബൈക്കിന്റെ പുറകിലിരുന്നാണ് കൊല്ലപ്പെട്ടവരുടെ വീടുകളില്‍ എത്തിയത്. താന്‍ എത്തുമെന്ന് നേരത്തെ വിവരം കിട്ടിയാല്‍ തന്നെ കാണാനായി ആരാധകര്‍ ഉള്‍പ്പെടെ വലിയൊരു ജനം കൂട്ടം ഉണ്ടാകുമെന്നും അതുകൊണ്ട് പകല്‍ സമയത്ത് പോകേണ്ടതില്ലെന്നത് വിജയ് യുടെ തന്നെ തീരുമാനം ആയിരുന്നു. അത്തരത്തില്‍ ആള്‍ക്കൂട്ടവുമായി പോയാല്‍ താന്‍ പോകുന്നതിന്റെ ഉദ്ദേശം മാറിപ്പോകുമെന്നായിരുന്നു വിജയ് പറഞ്ഞതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. വളരെ സത്യസന്ധതയോടെ തന്നെ തനിക്ക് ഇരകളുടെ ബന്ധുക്കളെ കാണണമെന്നും അവരെ ആശ്വസിപ്പിക്കണമെന്നുമാണ് ആഗ്രഹമെന്ന് വിജയ് പറഞ്ഞിരുന്നതായി ഈ വൃത്തങ്ങള്‍ ഇപ്പോള്‍ പറയുന്നു. അതുകൊണ്ടാണ് യാത്ര അര്‍ദ്ധരാത്രിയിലാക്കിയത്. വലിയ വാഹനങ്ങള്‍ ഒഴിവാക്കി ബൈക്കില്‍ എത്തിയതും ആരുടെയും ശ്രദ്ധ കിട്ടാതിരിക്കാന്‍ വേണ്ടിയാണ്.
എന്നാലും വിജയ് എത്തിയത് അറിഞ്ഞ് കുറച്ചാളുകള്‍ സ്ഥലത്ത് എത്തിയിരുന്നു. ഇവരില്‍ ചിലര്‍ താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആരാധാകരുടെ ആവശ്യം വിജയ് സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു. ഈ സാഹചര്യം അത്തരം പ്രവര്‍ത്തികള്‍ക്ക് അനുയോജ്യമല്ലെന്നായിരുന്നു അദ്ദേഹം തന്നെ സ്നേഹിക്കുന്നവരെ പറഞ്ഞു മനസിലാക്കിയത്. തന്റെ പേരിലുള്ള വെല്‍ഫയര്‍ ക്ലബിനെ പിന്തുടരാനും അതിന്റെ മീറ്റിംഗ് സമയത്ത് വന്ന് തന്നോടൊപ്പം സെല്‍ഫി എടുത്തോളൂവെന്നുമാണ് വിജയ് പറഞ്ഞത്. സന്ദര്‍ഭവും സാഹചര്യവും മനസിലാക്കി സ്വയം പെരുമാറാനും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നയാളാണ് വിജയ് എന്നതിന് ഈ സംഭവം ഉദ്ദാഹരണമാണെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആള്‍ക്കൂട്ടങ്ങളുമായി ചെന്ന് സ്വയം ആഘോഷിക്കുന്നവരില്‍ നിന്നും വ്യത്യസ്തമായി വിജയ് ചെയ്ത പ്രവര്‍ത്തി അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയാണ് കാണിക്കുന്നതെന്നും മാധ്യമങ്ങള്‍ പറയുന്നു.
Leave a Comment