കൊച്ചി:രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധം ശക്തമായിരുന്നു. ജോസ് കെ.മാണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതോടെ കോണ്‍ഗ്രസിലെ കലാപത്തിന് മൂര്‍ച്ച കൂടി. സീറ്റ് വിട്ടുകൊടുത്തത് വലിയദുരന്തമെന്നും ജനവികാരം അറിയാത്തത് തെറ്റെന്നും ഷാനിമോള്‍ ഉസ്മാന്‍ അഭിപ്രായപ്പെട്ടിരുന്നു. ജോസ് കെ.മാണിയുടെ സ്ഥാനാര്‍ഥിത്വത്തെ പരോക്ഷമായി പരിഹസിച്ച് കെ.എസ്.ശബരീനാഥന്‍ എംഎല്‍എയും രംഗത്തെത്തി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജോയ് മാത്യുവും രംഗത്തെത്തിയിരിക്കുകയാണ്.
ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം:
യൂത്ത് കോണ്‍ഗ്രസുകാരുടെ വേവലാതി കഴിഞ്ഞു. വൃദ്ധകേസരികള്‍ക്ക് പകരം യുവരക്തം തന്നെ രാജ്യസഭയിലെത്തിയല്ലോ. പോരാത്തതിനു ആള്‍ കോണ്‍ഗ്രസുമാണ്. അതില്‍ ഒരു കേരളം ഉണ്ടെന്നേയുള്ളൂ. അല്ലെങ്കില്‍ തന്നെ നമുക്കൊന്നും ഇപ്പഴും മനസ്സിലാകാത്ത കാര്യം കേരള കോണ്‍ഗ്രസും സാക്ഷാല്‍ കോണ്‍ഗ്രസും തമ്മിലെന്താ വ്യത്യാസം എന്നതാണ്.
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് നേതൃനിരയിലെത്തുന്നതിനു പകരം ഹൈക്കമാന്റ് എന്നിടത്തുനിന്നുള്ള ഓര്‍ഡര്‍ വഴി നേതാക്കാന്മാരെ അവരോധിക്കുന്നിടത്ത് തന്നെ ജനാധിപത്യപരമായ പാര്‍ട്ടിഘടന എന്നത് പൊളിയുന്നു. രാജാവും അനുചരരും എന്ന നിലയിലേക്ക് അത് കൂപ്പ് കുത്തുന്നു.
പ്രണബ് മുഖര്‍ജിയെപ്പോലുള്ള അടുത്തൂണ്‍ പറ്റിയ മറ്റു കോണ്‍ (വൃദ്ധ) കേസരികളും അധികം വൈകാതെ കാവിയണിയുന്നത് യുവരക്തങ്ങള്‍ കാണാതിരിക്കണമെങ്കില്‍ നടുറോട്ടിലിട്ട് പോത്തിനെ അറക്കുന്നത് പോലുള്ള പരിപാടികള്‍ നിര്‍ത്തി നിങ്ങള്‍ യുവാക്കള്‍ സ്വന്തം പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാരെ ആലയിലേക്ക് തെളിച്ച് കൊണ്ടുപോയി കെട്ടുകയാണു വേണ്ടത്.
Leave a Comment