കൊച്ചി:’ഒരു കുങ്കുമച്ചെപ്പോ കുപ്പിവളകളോ മതി നിന്റെ കണ്ണുകള്‍ അതിശയം കൊണ്ട് തിളങ്ങാന്‍, കവിളുകള്‍ ഇഷ്ടം കൊണ്ട് ചുവക്കാന്‍. നാളെ നിന്റെ പിറന്നാളില്‍ ഞാന്‍ നിനക്കൊരു സമ്മാനം തരും. എനിക്കിപ്പൊഴേ കാണാം കവിളിലെ പൂത്ത ചെമ്പനീര്‍ കാട് , കണ്ണിലെ നക്ഷത്രജാലം’
ജൂണ്‍ ആറിന് സംഗീതസംവിധായകന്‍ ബിജിപാല്‍ തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. പിറ്റേന്ന് മരിച്ചു പോയ തന്റെ പ്രിയതമ ശാന്തിയുടെ ഓര്‍മ്മയില്‍ സംഗീത ലോകത്തിനു തന്നെ സുന്ദരമായ ഒരു സമ്മാനം നല്‍കിക്കൊണ്ടാണ് ബിജിപാല്‍ എത്തിയത്. ‘മയി മീനാക്ഷി’യെന്ന സംഗീത ആല്‍ബത്തിലൂടെ ശാന്തിയുടെ പിറന്നാള്‍ ദിനം ഓര്‍മ്മകള്‍ കൊണ്ട് ദീപ്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍.
ആദ്യ കാഴ്ചയില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത് മുന്നോട്ടു പോവുകയാണ് മയീ മീനാക്ഷി. അപ്രതീക്ഷിതമായി ജീവിതത്തില്‍ നിന്നു മരണത്തിലേക്കു നടന്നവള്‍ക്ക് ഹൃദയസ്പര്‍ശമായൊരു സമ്മാനം. എന്നും ചിരിക്കുന്ന പെണ്‍കുട്ടിയ്ക്ക് എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ആമുഖം.
ബിജിബാലാണ് ഈ സംഗീത ആല്‍ബത്തിന്റെ ആശയവും നിര്‍വഹിച്ചിരിക്കുന്നത്. സൗമ്യ രാമകൃഷ്ണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടുകാരി ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍.
Leave a Comment