തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്(എം) യുഡിഎഫിന്റെ ഭാഗമാകാന്‍ തീരുമാനിച്ചെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടതല്ല, അറിഞ്ഞുതന്നതാണെന്നും മാണി പറഞ്ഞു. രാജ്യസഭയിലേക്ക് ഇല്ലെന്നും മാണി പറഞ്ഞു. രാജ്യസഭാ സീറ്റിനായി ഉപാധി വെച്ചിട്ടില്ല. രാജ്യസഭാ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകുമെന്നും മാണി പറഞ്ഞു. തലസ്ഥാനത്തു ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മാണി.
‘ഞാനിപ്പോള്‍ രാജ്യസഭയിലേക്കു പോകുന്നില്ല. ജോസ് കെ.മാണിയും പോകേണ്ടെന്നാണ് എന്റെ അഭിപ്രായം’ സ്ഥാനാര്‍ഥി ആരെന്നതിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി മാണി വ്യക്തമാക്കി. ഇക്കാര്യത്തില്‍ എന്തെങ്കിലും മനംമാറ്റമുണ്ടാകുമോയെന്ന കാര്യത്തില്‍ മാണി വ്യക്തമായ മറുപടി നല്‍കിയില്ല.
സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ സമയം വേണം. പല ഘട്ടങ്ങളിലായി, പല തലങ്ങളിലായി ചര്‍ച്ച വേണമെന്നും മാണി പറഞ്ഞു. രാജ്യസഭാ സീറ്റിന്മേല്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും മാണി കൂട്ടിച്ചേര്‍ത്തു. ഒരു മണിക്കൂര്‍ നേരത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് മാണി നിലപാട് വ്യക്തമാക്കിയത്. ഇന്ന് തന്നെ ചേരുന്ന പാര്‍ട്ടി നേതൃയോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ഥിയെ തീരുമാനിക്കുക.
ബാര്‍കോഴ ആരോപണത്തെ തുടര്‍ന്ന് 2016 ഓഗസ്റ്റിലായിരുന്നു മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം ഉപേക്ഷിച്ച് മാണി യുഡിഎഫ് വിട്ടത്. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോടെ മാണി വീണ്ടും യു.ഡി.എഫിനോട് അടുത്തു. മാണി യു.ഡി.എഫിലേക്ക് തന്നെയാണെന്ന ചര്‍ച്ച സജീവമായിരുന്നുവെങ്കിലും തങ്ങളുടെ രാജ്യസഭാ സീറ്റ് മാണിക്ക് വീട്ട് കൊടുത്താണ് ഒടുവില്‍ കേരളകോണ്‍ഗ്രസിന്റെ യു.ഡി.എഫ് പ്രവേശനം കോണ്‍ഗ്രസ് ഉറപ്പിച്ചത്.
Leave a Comment