എടപ്പാള്‍ പീഡനത്തില്‍ തീയേറ്റര്‍ ഉടമയ്‌ക്കെതിരെയുള്ള കേസ് പിന്‍വലിക്കും; നടപടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശ പ്രകാരം

എടപ്പാള്‍: തീയേറ്ററില്‍ വെച്ച് പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കൂട്ടുപ്രതിയായി അറസ്റ്റ് ചെയ്ത തീയേറ്റര്‍ ഉടമ സതീശന് എതിരെയുള്ള കേസ് പിന്‍വലിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

തിയേറ്റര്‍ ഉടമയ്ക്കെതിരെ ഒരു കേസും നിലനില്‍ക്കില്ലെന്നും, ഇയാള്‍ മനപ്പൂര്‍വ്വം ഒരു കുറ്റവും മറച്ച് വെച്ചിട്ടില്ലെന്നുമാണ് നിയമോപദേശം. ഇതിനേ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം മലപ്പുറം എസ്.പിക്ക് കൈമാറിയിട്ടുണ്ട്. സതീശനെ കേസിലെ മുഖ്യസാക്ഷിയാക്കും.

നേരത്തെ വിവരം മറച്ച് വെച്ചെന്നാരോപിച്ചാണ് തീയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പീഡന വിവരം ഇയാളാണ് പുറംലോകത്തെ അറിയിച്ചതെന്നും, ചൈല്‍ഡ്ലൈന്‍ മുഖേന പൊലീസില്‍ പരാതി നല്‍കിയതെന്നും കാണിച്ച് വ്യാപക പ്രതിഷേധം അറസ്റ്റിനെതിരെ ഉയര്‍ന്നിരുന്നു.

പ്രതി മൊയ്തീന്‍ കുട്ടിക്കെതിരെ ആദ്യം കേസെടുക്കാന്‍ തയ്യാറാവാഞ്ഞ പൊലീസ് തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്യുന്നതില്‍ കാണിക്കുന്ന വ്യഗ്രതയും ചോദ്യം ചെയ്യപ്പെട്ടു. ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ച് വരുത്തിയ സതീശനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment