വഴിയരികില്‍ നിന്ന് സബ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച ചോരക്കുഞ്ഞിന് മുലയൂട്ടി പോലീസുകാരി!!! ഇരുവര്‍ക്കും അഭിനന്ദന പ്രവാഹം

ബംഗളൂരു: വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ നാഗേഷിന്റെ മനസ് തികച്ചും ശൂന്യമായിരിന്നു. കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ച് പോരാനുള്ള മനസും അദ്ദേഹത്തിനില്ലായിരിന്നു. രണ്ടും കല്‍പ്പിച്ച് കുഞ്ഞിനെ എടുത്ത് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയ്ക്ക് ശേഷം കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതോടെ വീണ്ടും നാഗേഷ് ആശയക്കുഴപ്പത്തിലായി. കുഞ്ഞുമായി നാഗേഷ് നേരെ എത്തിയത് സ്‌റ്റേഷനില്‍. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ പോലീസുകാരി അര്‍ച്ചനയ്ക്കും അതുകണ്ട് നില്‍ക്കാനായില്ല. ആവശ്യം തിരിച്ചറിഞ്ഞ അര്‍ച്ചന ഒരു മടിയും കൂടാതെ കുഞ്ഞിന് മുലയൂട്ടി. അതോടെ കുട്ടിയുടെ കരച്ചിലിനും ശമനമായി.

മുലയൂട്ടിയ പോലീസുകാരി അര്‍ച്ചനയ്ക്കും സബ് ഇന്‍സ്‌പെക്ടര്‍ നാഗേഷിനും സംഭവത്തെ തുടര്‍ന്ന് അഭിനന്ദന പ്രവാഹമാണ്. ബംഗളുരു പോലീസ് തന്നെയാണ് അര്‍ച്ചനയുടെ നന്മയെയും ഉള്ളിലെ മാതൃത്വത്തെയും കുറിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടത്. അവരുടെ ഫേസ്ബുക്ക് പേജിലായിരുന്നു വാര്‍ത്ത പങ്കുവെച്ചത്. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ അമ്മയായ അര്‍ച്ചന പ്രസവവാവധി കഴിഞ്ഞ് തിരികെ ജോലിയില്‍ കയറിയിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ.

ബംഗളുരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപത്ത് കെട്ടിട നിര്‍മ്മാണ പരിസരത്ത് നിന്നുമാണ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ആര്‍ നാഗേഷിന് കുട്ടിയെ കിട്ടിയത്. ഇവിടെയെത്തിയപ്പോള്‍ ജനിച്ച അധികസമയമാകാത്ത ചോരക്കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാഗേഷിന്റെ കണ്ണില്‍ പെടുകയായിരുന്നു.

കുഞ്ഞിന്റെ ദേഹത്ത് നിന്നും ചോരപോലും തുടച്ചു മാറ്റിയിരുന്നില്ല. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിക്കിടക്കുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ നാഗേഷ് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു പരിശോധനകള്‍ നടത്തി കുഴപ്പമില്ലെന്ന് ഉറപ്പാക്കി.

പിന്നീട് കുഞ്ഞുമായി സ്റ്റേഷനില്‍ എത്തുമ്പോള്‍ അര്‍ച്ചനയും അവിടെയുണ്ടായിരുന്നു. കുഞ്ഞ് കരഞ്ഞപ്പോള്‍ അര്‍ച്ചന അതിനെ എടുത്ത് മുലയൂട്ടുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാന്‍ കഴിയുമായിരുന്നില്ലെന്നും സ്വന്തം കുഞ്ഞ് കരയുന്നത് പോലെ തോന്നിയെന്നും അവന് പാലു കൊടുക്കാതെ പോകാന്‍ തോന്നിയില്ലെന്നും പിന്നീട് അര്‍ച്ചന വ്യക്തമാക്കി. നാഗേഷിനും അര്‍ച്ചനയ്ക്കും ഇപ്പോള്‍ അഭിനന്ദനങ്ങളുടെ കൂമ്പാരമാണ് എത്തുന്നത്.

pathram desk 1:
Related Post
Leave a Comment