ഇപ്പോള്‍ എനിക്ക് ആത്മഹത്യ ചെയ്യാനാവില്ല; ഒരു അഭ്യര്‍ഥന മാത്രമേ ഉള്ളൂ…

ഞാന്‍ ദുരിതത്തിലാണ്. മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ. ഇപ്പോള്‍ അതിന് സാധിക്കില്ല. ഞാന്‍ നിസ്സഹായവസ്ഥയിലാണ്. ഒരു അഭ്യര്‍ഥന മാത്രമേ ഉള്ളൂ.. ദയവായി എനിക്ക് സിനിമയില്‍ അവസരം തരൂ… നടി ചാര്‍മിളയാണ് ഇപ്പോഴത്തെ ജീവിതാവസ്ഥ പറയുന്നത്.
‘മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു. പക്ഷേ ഇന്നെനിക്ക് അതിനാവില്ല. കിടപ്പായ അമ്മയും മകനുമുണ്ട്. അവരെ പട്ടിണിക്കിടാന്‍ എനിക്കാവില്ല..’ ചാര്‍മിള പറയുന്നു. നാന സിനിമാവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാര്‍മിള താന്‍ ഇപ്പോള്‍ കടന്നുപോകുന്ന ദുരിതവഴികളെക്കുറിച്ച് മനസ് തുറക്കുന്നത്.

സിനിമയില്‍ സജീവമായിരുന്ന കാലത്ത് താന്‍ ഒന്നും സമ്പാദിച്ചിട്ടില്ലെന്ന് പറയുന്നു ചാര്‍മിള. ‘അന്ന് ഒരു സിനിമയുടെ പ്രതിഫലം കിട്ടിയാല്‍ ഏതെങ്കിലും വിദേശരാജ്യത്തേക്ക് പോകും. പണം ചെലവാക്കും.’ ദാമ്പത്യജീവിതത്തിലുണ്ടായ തിരിച്ചടികള്‍ എക്കാലവും തന്നോടൊപ്പമുണ്ടായിരുന്നെന്നും പറയുന്നു അവര്‍. ‘ഓരോ ഘട്ടത്തിലും ഞാന്‍ തിരിച്ചുവന്നു. പക്ഷേ രാജേഷുമായുണ്ടായ വിവാഹം എന്നെ തകര്‍ത്തു കളഞ്ഞു. അയാള്‍ക്കുവേണ്ടി സ്വന്തം വീടും സ്ഥലവും വരെ വില്‍ക്കേണ്ടിവന്നു. അതെന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടു. എന്റെ ശരീരം ക്ഷീണിക്കാനും മുടി കൊഴിയാനും തുടങ്ങി.’

‘ഒരുകാലത്ത് കോണ്ടിനെന്റല്‍ ആഹാരമാണ് രുചിച്ച് ശീലിച്ചത്. ഇന്ന് അരിയാഹാരത്തോട് പൊരുത്തപ്പട്ടിരിക്കുന്നു. രാത്രിയിലും എന്റെ മകന് അരിയാഹാരമാണ് നല്‍കുന്നത്. എനിക്ക് സംഭവിച്ചത് അവനുണ്ടാവരുത്. കഷ്ടപ്പാടുകള്‍ അറിഞ്ഞ് അവന്‍ വളരട്ടെ. പക്ഷേ അവന്റെ പഠിപ്പ് മുടക്കാനാവില്ല.’ കഴിഞ്ഞ വര്‍ഷം വരെ മകന്റെ പഠനച്ചെലവുകള്‍ വഹിച്ചത് നടന്‍ വിശാലായിരുന്നെന്നും പറയുന്നു ചാര്‍മിള.

ഒരുകാലത്ത് ജോലിയില്‍ ശ്രദ്ധിക്കാതിരുന്ന കാലത്തും തനിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആരും വിളിക്കുന്നില്ലെന്ന് പറയുന്നു അവര്‍. ‘ഇന്ന് ഒരു പ്രശ്‌നങ്ങളിലും പെടാതെ ജോലിയില്‍ ശ്രദ്ധിക്കുന്നു. എന്നിട്ടും എന്നെ ആരും വിളിക്കുന്നില്ല. മുതിര്‍ന്ന സംവിധായകര്‍ പോലും. അവര്‍ക്കറിയില്ലാലോ എന്റെ നിസ്സഹായാവസ്ഥ. ഒരു അഭ്യര്‍ഥന മാത്രമേയുള്ളൂ, ദയവായി എനിക്ക് സിനിമയില്‍ അവസരം തരൂ..’ എന്ന് അപേക്ഷിച്ചുകൊണ്ടാണ് ചാര്‍മിള നിര്‍ത്തുന്നത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment