കഴിവ് തെളിയിച്ച നടിമാര്‍ക്ക് അവസരം ലഭിക്കുന്നില്ല; മലയാള സിനിമ അവഗണിക്കുന്നുവെന്ന പരാതിയുമായി പ്രമുഖ നടി

കഴിവു തെളിയിച്ച നടിമാര്‍ക്ക് മലയാളത്തില്‍ അവസരം ലഭിക്കുന്നില്ലെന്ന് നടി രമ്യാ നമ്പീശന്‍. ഒരു കാലത്ത് നിറസാന്നിദ്ധ്യമായിരുന്ന തന്നെ ഇപ്പോള്‍ മലയാള സിനിമ അവഗണിക്കുകയാണെന്ന് നടി പറയുന്നു. 2015ല്‍ സൈഗാള്‍ പാടുകയാണ് എന്ന മലയാളച്ചിത്രത്തിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. ഞാന്‍ ആരെയും കുറ്റം പറയുകയല്ല. അതിനുശേഷം മലയാളസിനിമയില്‍നിന്ന് നല്ല ഓഫറുകളൊന്നും എന്നെത്തേടി വന്നില്ല.

തമിഴ് സിനിമാഫീല്‍ഡ് അങ്ങനെയല്ല, അവിടെ ചുവടുറപ്പിച്ചവരെ മാറ്റിനിര്‍ത്തില്ല. ഞാന്‍ തമിഴ് സിനിമയില്‍ സജീവമായതിനാല്‍ അഭിനയിക്കാതെ മാറിനില്‍ക്കേണ്ടി വന്നില്ല. എത്രയോ നായികമാര്‍ അവസരങ്ങളില്ലാതെ മാറിനില്‍ക്കുന്നുണ്ട്. തമിഴ്, കന്നട ചിത്രങ്ങളില്‍ അവസരങ്ങളുള്ള ഞങ്ങള്‍ക്ക് മലയാളത്തില്‍ നിന്ന് അവസരമില്ലാത്തതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും രമ്യ പറയുന്നു.

വരാനിരിക്കുന്ന രണ്ട് ഡസനോളം ചിത്രങ്ങളില്‍ പുതുമുഖങ്ങളാണ് നായികമാര്‍. ടൊവിനോ തോമസ് നായകനാകുന്ന മറഡോണയിലെ നായിക ശരണ്യയും സണ്ണി വെയ്ന്‍ നായകനായ ഫ്രഞ്ച് വിപ്ലവത്തിലെ നായിക ആര്യാഉണ്ണിയും പുതുമുഖങ്ങളാണ്.ആര്‍.കെ. അജയകുമാര്‍ ഭഗത് മാനുവല്‍, സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ഇസഹാക്കിന്റെ ഇതിഹാസം. ചിത്രത്തിലെ നായിക സുനിധി പുതുമുഖമാണ്. എണ്ണം തീരുന്നില്ല, ആര്‍. അജിത്തിന്റെ സമസ്തേ ഇന്ത്യ എന്ന സിനിമയിലെ നായികയായ നേഹാ ആനന്ദ്, കാന്താരത്തിലെ ജീവിക, നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിലെ ശൈത്യ സന്തോഷ്.

പ്രിയപ്പെട്ടവനിലെ അനുശ്രീ, പെട്ടിലാമ്പട്രയിലെ നേഹാ കൃഷ്ണന്‍, ബ്ലൂ വെയിലിലെ ഗോപിക, മധുരമീയാത്രയിലെ സമര്‍ഥ്യ, ഒരു പത്താം ക്ലാസ് പ്രണയത്തിലെ ആര്യാദേവി, വാരിക്കുഴിയിലെ കൊലപാതകത്തിലെ അമീറ, കോണ്ടസയിലെ അതുല്യ, താമരക്കുന്നിലെ ഭദ്രപുരാണത്തിലെ സൂര്യാ രാജേഷ്, സ്ഥാനത്തിലെ മാളവികാ രാജന്‍, കൈതോലച്ചാത്തനിലെ അമൃത, അങ്ങനെ ഞാനും പ്രേമിച്ചു എന്നസിനിമയിലെ ശിവകാമി, കുതിരപ്പവനിലെ സൂര്യാ സുബ്രഹ്മണ്യം, കുഞ്ഞിരാമന്റെ കുപ്പായത്തിലെ ലിന്റാ കുമാര്‍, പപ്പാസിലെ പാര്‍വതി, ബ്രിട്ടീഷ് ബംഗ്ലാവിലെ മൃദുലാ വിജയ്, അറ്റ് അവള്‍ക്കൊപ്പത്തിലെ വൃന്ദാകൃഷ്ണ, നഗര വാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രത്തിനുശേഷം ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന ഒന്നൊന്നര പ്രണയകഥയിലെ റെയ്ച്ചല്‍ എന്നിവരെല്ലാം പുതുമുഖങ്ങളാണ്.

റിലീസിനൊരുങ്ങുന്ന ചിത്രങ്ങളുടെ അവസ്ഥയാണിത്. ചിത്രീകരണം പുരോഗമിക്കുന്ന 90 ശതമാനം ചിത്രങ്ങളിലും നായികാ ഗണത്തില്‍ പുതുമുഖങ്ങളാണ്. ഇതിന്റെ കാരണം എന്താണെന്ന് പൂര്‍ണമായും തനിക്കറിയില്ല. അതിനുപിന്നിലെ ഒരു കാര്യം വ്യക്തമാണ്. ഒന്ന് പുതുമുഖങ്ങള്‍ പ്രതിഫലം ഡിമാന്‍ഡ് ചെയ്യില്ല, കിട്ടുന്നത് വാങ്ങി മിണ്ടാതെ പോകും. രമ്യാ നമ്പീശന്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment