ദോഹ: ലോകത്ത് ഇതുവരെ കാണാത്ത ഇന്റര്‍നെറ്റ് ഡേറ്റാ വേഗത്തിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്ന 5ജി സാങ്കേതിക വിദ്യയിലേക്ക് ഖത്തര്‍. ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കിയിരിക്കുകയാണ് ഖത്തറിലെ പൊതുമേഖല ടെലികോം കമ്പനി ഉറീഡൂ.
4ജി എല്‍ടിഇയ്ക്കു സമാനമായ സാങ്കേതികവിദ്യ തന്നെയാണു 5ജിയിലും ഉപയോഗിക്കുന്നത്. പക്ഷേ, 4ജി ഇന്റര്‍നെറ്റിലെ ഡേറ്റാ വേഗം സെക്കന്‍ഡില്‍ പരമാവധി ഒരു ജിഗാബൈറ്റായിരുന്നെങ്കില്‍, 5ജിയിലെത്തുമ്പോള്‍ ഇത് സെക്കന്‍ഡില്‍ 10 ജിഗാബൈറ്റായി വര്‍ധിക്കും. ഒരു ഫുള്‍ എച്ച്ഡി സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ സെക്കന്‍ഡുകള്‍ മാത്രം മതിയാകുമെന്നു ചുരുക്കം. ഫലത്തില്‍ 4ജി സാങ്കേതികവിദ്യയേക്കാള്‍ പത്തു മടങ്ങു വേഗമാണു 5ജിയില്‍ പ്രതീക്ഷിക്കുന്നത്.
ദോഹയിലെ പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്താണ് 5ജി സൂപ്പര്‍നെറ്റ് ഉറീഡൂ ലഭ്യമാക്കിയത്. ലഗൂണ മാള്‍, കത്താറ കള്‍ച്ചറല്‍ വില്ലേജ്, വെസ്റ്റ്‌ബേ, കോര്‍ണിഷ്, സൂഖ് വാഖിഫ് എന്നിവിടങ്ങളും ഇതിന്റെ പരിധിയില്‍ വരും.
വെസ്റ്റ്ബേയിലെ ഉറീഡൂ ടവറില്‍ നടന്ന ചടങ്ങില്‍ ഉറീഡൂ ഖത്തര്‍ സിഇഒ വലീദ് അല്‍ സയ്ദാണു 5ജി സേവനം ലഭ്യമാക്കുന്നതിന്റെ പ്രഖ്യാപനം നടത്തിയത്. ‘ഇന്ന് ഖത്തറും ഉറീഡൂവും ചരിത്രം സൃഷ്ടിക്കുകയാണ്. ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യയും സേവനങ്ങളും ലഭ്യമാക്കുന്ന കമ്പനിയായി ഉറീഡൂ മാറിയിരിക്കുന്നു. ഖത്തറിലെ ജനങ്ങള്‍ക്കാണ് ലോകത്ത് ആദ്യമായി ഈ സേവനം ഉപയോഗിക്കാന്‍ കഴിയുന്നത്. രാജ്യത്തു വിവരാധിഷ്ഠിത സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രോല്‍സാഹിപ്പിക്കാനുള്ള നടപടിയാണിത്- വലീദ് അല്‍ സയ്ദ് പറഞ്ഞു.
5ജി സൂപ്പര്‍നെറ്റ് ലഭ്യമാകാന്‍ 5ജി സാങ്കേതികവിദ്യ അധിഷ്ഠിതമായ ഹാന്‍ഡ്‌സെറ്റുകള്‍ ആവശ്യമാണ്. ഇത് ഉറീഡൂ ഖത്തറിലെ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കും. ഇത് ഒരു തുടക്കം മാത്രമാണെന്നും ഏറെ വൈകാതെ ഖത്തറിലെ കൂടുതല്‍ മേഖലകളിലേക്കു 5ജി സേവനം വ്യാപിപ്പിക്കുമെന്നും ഉറീഡൂ വ്യക്തമാക്കി.
Leave a Comment