ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ച സാഹചര്യത്തില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി സ്ഥാനാര്‍ത്ഥികള്‍. വോട്ടെടുപ്പു ദിനത്തിലെന്ന പോലെ പ്രാര്‍ത്ഥനകളിലാണ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദ്യൂരപ്പയും സിദ്ധരാമയ്യയ്ക്കെതിരെ മത്സരിക്കുന്ന ശ്രീരാമലുവും.
ബെല്ലാരിയില്‍ മത്സരിക്കുന്ന ശ്രീരാമലുവിന്റെ വീട്ടിലാണ് പൂജ നടക്കുന്നത്. വോട്ടിങ് ദിനത്തില്‍ ശ്രീരാമലു ഗോപൂജ നടത്തിയിരുന്നു. കുരുബ സമുദായത്തിന് ഭൂരിപക്ഷമുള്ള ബെല്ലാരിയില്‍ സിദ്ധരാമയ്യയ്ക്കാണ് മുന്‍തൂക്കം. അമാവാസി ദിവസം ഫലം വരുന്നത് ദുസൂചനയെന്ന് വിശ്വസിക്കുന്നതിനാല്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ വസതിയില്‍ പ്രത്യേക പൂജകള്‍ നടന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പയുടെ വീട്ടിലും പ്രത്യേക പൂജകള്‍ നടക്കുന്നുണ്ട്. യെദിയൂര്‍ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ പൂജാരിയില്‍ നിന്നും പ്രത്യേക പ്രസാദം വാങ്ങിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. സിംഗപ്പൂരില്‍ നിന്നും തിരിച്ചെത്തിയ ജെ.ഡി.യു നേതാവ് കുമാരസ്വാമിയും പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തുന്നുണ്ട്.
പോസ്റ്റല്‍ വോട്ടല്‍ എണ്ണിത്തുടങ്ങുമ്പോള്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം. 20 സീറ്റുകളില്‍ കോണ്‍ഗ്രസും പത്തുസീറ്റുകളില്‍ ബി.ജെ.പിയും എട്ടുസീറ്റുകളില്‍ ജെ.ഡി.എസുമാണ് മുന്നിട്ടുനില്‍ക്കുന്നത്. രാവിലെ എട്ടു മണിക്കു തന്നെ 38 കേന്ദ്രങ്ങളിലായി വോട്ടുകള്‍ എണ്ണിത്തുടങ്ങി. മൂന്ന് പാര്‍ട്ടികള്‍ പ്രധാനമായും രംഗത്തുള്ള സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്.
Leave a Comment