എന്തിനാണ് എന്റെ അച്ഛനെ കൊന്നത്..? എന്റെ കുഞ്ഞനിയന് പുതിയ യൂണിഫോം വാങ്ങി ഇപ്പോ വരാംന്നു പറഞ്ഞ് പോയതാണ് അച്ഛന്‍…; മാഹിയില്‍ കൊല്ലപ്പെട്ട ബാബുവിന്റെ മകളുടെ ഈറനണിയിക്കുന്ന കത്ത്‌ കത്ത്…

മാഹി: പള്ളൂരില്‍ വെട്ടേറ്റു മരിച്ച സി.പി.എം. പ്രവര്‍ത്തകന്‍ ബാബുവിന്റെ മകള്‍ അനാമിക എന്തിനാണ് എന്റെ അച്ഛനെ കൊന്നത്? എന്ന് ചോദിച്ചുകൊണ്ട് ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസിന് കത്തെഴുതി. അനാമിക കൃഷ്ണദാസിന് എഴുതിയ കത്തിന്റെ പൂര്‍ണരൂപം വായിക്കാം..

പ്രിയപ്പെട്ട കൃഷ്ണദാസ് മാമന്,

ഇവിടെ ഒരു ചില്ലലമാരയുടെ മുന്നിലിരുന്നാണ് ഞാനീ കത്തെഴുതുന്നത്. ആ അലമാരിക്കകത്ത് അന്ന് മാമന്‍ തന്ന ഒരു സമ്മാനമുണ്ട്. മികച്ച പൊതുപ്രവര്‍ത്തകനുള്ള അംഗീകാരത്തിന് അച്ഛന് നല്‍കിയ സമ്മാനം. അതിന് ഇന്ന് അച്ഛന്റെ മണമില്ല. അതിന് ചോരയുടെ മണമാണ്. ഞാനിതുവരെ അനുഭവിച്ചിട്ടില്ലാത്ത മണം.

നന്ദൂട്ടന്(എന്റെ കുഞ്ഞനിയന്‍) പുതിയ യൂണിഫോം തുണി വാങ്ങാന്‍ ഞങ്ങളൊരുമിച്ചാണ് പോയത്. തിരികെ ഞങ്ങളെ വീട്ടിലാക്കി ഇപ്പോ വരാംന്നു പറഞ്ഞ് പോയതാണ് അച്ഛന്‍… രാത്രി വൈകുവോളം കാത്തിരിന്നിട്ടും വന്നില്ല. പിറ്റേന്ന് വൈകിട്ടാണ് ഞങ്ങളുടെ അച്ഛന്‍ വന്നത്. ചുവന്ന തുണിയില്‍പൊതിഞ്ഞ്. വീട്ടിലേക്കുള്ള വഴിയില്‍, ഒരു വിളിപ്പാടകലെ അച്ഛന്റെ പ്രാണന്‍ പിടയുമ്പോള്‍ ഞങ്ങള്‍ ഇവിടെ വീട്ടില്‍ ഒന്നുമറിയാതെ, പുതിയ കുപ്പായത്തെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും പറഞ്ഞ് കളിച്ച് ചിരിച്ച്… എന്തിനായിരുന്നു ഞങ്ങളുടെ ഈ കൊച്ചു സന്തോഷം നിങ്ങള്‍ തല്ലിക്കെടുത്തിയത്.

മാമന് ഓര്‍മയുണ്ടോ, ബാബുവിന്റെ നേതൃത്വത്തില്‍ ബൈപാസ് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നല്ലേ അന്ന് ഞങ്ങളുടെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മാമന്‍ പറഞ്ഞത്. അച്ഛനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും പറഞ്ഞില്ലേ? ഞാനും അമ്മയും അനിയത്തിയും അനിയനും അമ്മമ്മയുമെല്ലാം അന്ന് അവിടെ വന്നിരുന്നു. എത്ര സന്തോഷത്തോടെയാണ് ഞങ്ങള്‍ അന്നു മടങ്ങിയത്. എന്റെ അച്ഛന്‍ എല്ലാ പാര്‍ടിക്കാരെയും ഒരുപോലെയല്ലേ കണ്ടിരുന്നത്. എന്നിട്ടുമെന്തിനാണ് മാമാ എന്റെ അച്ഛനെ നിങ്ങളുടെ കൂട്ടര്‍ കൊന്നത്? അച്ഛന്‍ ഇനിയില്ലെന്ന് എനിക്കറിയാം. പക്ഷേ എന്റെ കുഞ്ഞനിയനോ..? അവന് അച്ഛന്‍ മരിച്ചെന്നോ, അച്ഛന്‍ ഇനിയൊരിക്കലും വരില്ലെന്നോ ഒന്നുമറിയില്ല. അതുകൊണ്ടാവണം അച്ഛന്‍ എപ്പോ വരുമെന്ന് അവന്‍ ഇടക്കിടെ ചോദിക്കുന്നത്.

മാമനെങ്കിലും പറയണം എന്തിനാണ് എന്റെ അച്ഛനെ കഴുത്തുറുത്തുകൊന്നതെന്ന്..? അച്ഛന്‍ എന്തു തെറ്റാ ചെയ്തതെന്ന്..?

സ്‌നേഹത്തോടെ,
അനാമിക

പള്ളൂര്‍

11-05-18

pathram:
Related Post
Leave a Comment