ന്യൂഡല്‍ഹി: ഭഗത് സിങ്ങിനേയും ബത്തുകേശ്വര്‍ ദത്തിനേയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ ജയിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞുനോക്കിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്രോള്‍ മഴ. ചരിത്രബോധമില്ലാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ ആഞ്ഞടിക്കുകയാണ് സോഷ്യല്‍ മീഡിയ.
തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ബിഡാറില്‍ സംസാരിക്കവേയായിരുന്നു മോദി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ജയിലില്‍ കഴിയവേ താന്‍ ഇനി മുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് മാപ്പെഴുതി നല്‍കിയ സവര്‍ക്കറെയും ‘സ്വാതന്ത്ര്യസമരസേനാനിയെന്ന്’ വിശേഷിപ്പിച്ചായിരുന്നു മോദി സംസാരിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ വെബ്സൈറ്റില്‍ ഉദ്ധരിച്ച അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.
‘ശഹീദ് ഭഗത് സിങ്, ബത്തുകേശ്വര്‍ ദത്ത്, വീര്‍ സവര്‍ക്കര്‍ എന്നിവരെപ്പോലുള്ള മഹാന്മാര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി ജയിലില്‍ അകപ്പെട്ടപ്പോള്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ അവരെപ്പോയി കണ്ടോ?’ എന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. ‘ ജയിലിലാക്കപ്പെട്ട അഴിമതിക്കാരെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നുണ്ട്. അഴിമതിക്കാരെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല.’ എന്നും മോദി പറഞ്ഞിരുന്നു.
എന്നാല്‍ മോദിയുടെ ചരിത്രബോധമില്ലാത്ത പ്രസ്താവനകളെ വിമര്‍ശിച്ച് ഇര്‍ഫാന്‍ ഹബീബിനെപ്പോലുള്ള ചരിത്രകാരന്മാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയും പരിഹാസവും വിമര്‍ശനങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.
ഭഗത് സിങ്ങിനെ മോദി സന്ദര്‍ശിക്കുന്നതിന്റെ ‘ചിത്രം’ പങ്കുവെച്ചാണ് ട്വിറ്ററില്‍ ചിലര്‍ മോദിയെ കളിയാക്കുന്നത്. ‘ ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ ഭഗത് സിങ്ങിന് വീട്ടില്‍ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുക്കുന്നു മോദി’ എന്നു പറഞ്ഞുകൊണ്ടാണ് ഈ ഫോട്ടോഷോപ്പ് ചെയ്ത ഇമേജ് പങ്കുവെച്ചിരിക്കുന്നത്.
ഭഗത് സിങ്ങിനെ നെഹ്റു സന്ദര്‍ശിച്ചെന്നത് തെളിയിക്കുന്ന ചരിത്ര രേഖകള്‍ പങ്കുവെച്ചുകൊണ്ടാണ് ചിലര്‍ മോദിയുടെ പരാമര്‍ശത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നത്. ഇതൊന്നും താങ്കളുടെ തെറ്റല്ല, റിസര്‍ച്ച് ടീമിന്റെ പരാമര്‍ശമാണെന്നാണ് ചിലരുടെ പരിഹാസം. ‘ പ്രിയ പ്രധാനമന്ത്രി, ഇതൊന്നും നിങ്ങളുടെ തെറ്റല്ലെന്നറിയാം. നിങ്ങളുടെ റിസര്‍ച്ച് ടീമാണ് നിങ്ങളെ കുഴിയില്‍ ചാടിക്കുന്നത്.’
‘മോദിജിയോട് പറയാതെ ഭഗത് സിങ്ങിനെ ലാഹോര്‍ ജയിലില്‍ നുഴഞ്ഞുകയറി സന്ദര്‍ശിച്ച കൊങ്ങി മോദിയുടെ വൃത്തികെട്ട തന്ത്രം. കര്‍ണാടകയില്‍ മോദിജിയെ തോല്‍പ്പിക്കാനുള്ള പാക് ഗൂഢാലോചനയാവാം’ എന്നാണ് മറ്റൊരു പരിഹാസം.
നെഹ്റു ഭഗത് സിങ്ങിനെ ജയിലില്‍ പോയി കണ്ടുവെന്നത് പാകിസ്ഥാനികള്‍ക്കുവരെ അറിയാം, മോദിക്ക് അറിയില്ല’ എന്നും ചിലര്‍ പരിഹസിക്കുന്നു.
Leave a Comment