ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തളളിയ ഉപരാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലേക്ക് വിട്ടു. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കുക. കൊളിജീയം ജഡ്ജിമാരെ ഒഴിവാക്കിയാണ് ബെഞ്ച് രൂപികരിച്ചത്.
ചൊവ്വാഴ്ച ഹര്‍ജി ജസ്റ്റിസ് ചെലമേശ്വറിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കെയാണ് നടപടി. ഉപരാഷ്ട്രപതിയുടെ തീരുമാനം നിയമവശം പരിഗണിക്കാതെയാണെന്ന് രാജ്യസഭാ എം.പിമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണസമിതി രൂപീകരിക്കുക മാത്രമായിരുന്നു ഉപരാഷ്ട്രപതിയുടെ ജോലിയെന്നും എന്നാല്‍ അദ്ദേഹം അത് നിര്‍വഹിച്ചില്ലെന്നും എം.പിമാര്‍ ആരോപിച്ചിരുന്നു.
ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതുമായി ബന്ധപ്പെട്ടു നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഉയര്‍ത്തിയ ‘കേഹാര്‍ ന്യായ’ത്തിനു പ്രസക്തിയില്ലെന്നു കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്വി വ്യക്തമാക്കിയിരുന്നു. ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ റദ്ദാക്കിയ കേഹാറിനെ ചീഫ് ജസ്റ്റിസാക്കിയെന്നാണു സര്‍ക്കാരിന്റെ വാദം.
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കി ജസ്റ്റിസ് ജോസഫ് പുറപ്പെടുവിച്ച ഉത്തരവു തങ്ങളുടെ നിലപാടിനെ സ്വാധീനിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം നിയമമന്ത്രിയുടെ വാദം. അങ്ങനെയെങ്കില്‍ ജസ്റ്റിസ് കേഹാറിനെ ചീഫ് ജസ്റ്റിസാക്കുമായിരുന്നോ എന്ന മറുചോദ്യവും ഉന്നയിച്ചിരുന്നു.
Leave a Comment