പരസ്യത്തിനായി കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരുകള്‍ ചെലവഴിച്ചത് 10,000 കോടി രൂപ!!! മോദി സര്‍ക്കാര്‍ പ്രതിവര്‍ഷം പൊടിക്കുന്നത് 1,000 കോടി!!!

ന്യൂഡല്‍ഹി: പരസ്യത്തിനായി കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകള്‍ പൊടിച്ചത് 10,000 കോടി രൂപ. ഡയറക്ട്രേറ്റ് ഓഫ് അഡ്വര്‍ട്ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റിയുടെ രേഖകള്‍ അനുസരിച്ചുള്ള കണക്കാണിത്. പൊതുജനങ്ങളുടെ പണമുപയോഗിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ പരസ്യങ്ങള്‍ക്കും, സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനുമാണ് ഈ തുക ചിലവാക്കിയിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് പ്രധാനമായും ഇത്തരം പരസ്യങ്ങളുടെ കുത്തൊഴുക്ക് കാണുന്നത്.

2002 മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലത്താണ് പ്രതിവര്‍ഷം ഏകദേശം 1000 കോടിരൂപയ്ക്കടുത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി തുക ചെലവഴിച്ചിരിക്കുന്നത്. ഡയറക്ട്രേറ്റ് ഓഫ് അഡ്വര്‍ട്ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി ( ഡിഎവിപി ) വഴിയാണ് പവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പദ്ധതികള്‍ എന്നിവ കേന്ദ്രസര്‍ക്കാരിലെ വിവിധ മന്ത്രാലയങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നത്. പത്ര- ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍, ഹോര്‍ഡിംഗുകള്‍, ലഘുചിത്രങ്ങള്‍,എസ്എംഎസ് തുടങ്ങി നിരവധി മാര്‍ഗങ്ങളാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്.

10 വര്‍ഷത്തെ യുപിഎ ഭരണത്തിനിടെ വര്‍ഷം ഏകദേശം 504 കോടി രൂപയാണ് ഇതിന് വേണ്ടി ചെലവഴിച്ചിരിക്കുന്നത്. അതേ സമയം അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലഘട്ടത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വര്‍ഷത്തില്‍ കേവലം 50 കോടിക്കടുത്ത് മാത്രമാണ് ചെലവഴിച്ചത്. നരേന്ദ്രമോദി പ്രധാനമന്ത്രിപദം ഏറ്റെടുത്തതിന് ശേഷം ആദ്യവര്‍ഷം 993 കോടിരൂപയും പിന്നീടുള്ള വര്‍ഷങ്ങളില്‍ 1000 കോടി രൂപയും ചെലവഴിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

യുപിഎ സര്‍ക്കാരിന്റെ ആദ്യ അഞ്ച് വര്‍ഷത്തില്‍ 312 കോടിരൂപയാണ് പ്രതിവര്‍ഷം ചെലവഴിച്ചതെങ്കില്‍ രണ്ടാം തവണ അധികാരത്തിലെത്തിയതോടെ പ്രതിവര്‍ഷം 696 കോടിരൂപയാണ് പബ്ലിസിറ്റിക്കായി ചെലവഴിച്ചത്. അതേസമയം 2014ല്‍ അധികാരമേറ്റതിന് ശേഷം നരേന്ദ്രമോദി സര്‍ക്കാര്‍ ഇത് വരെ 4806 കോടി രൂപയാണ് പൊടിച്ചത്. ഏകദേശം 1202 കോടി പ്രതിവര്‍ഷം. 2002 മുതലുള്ള കണക്കുകളാണ് ഡിഎവിപിയുടെ പക്കലുള്ളത്

pathram desk 1:
Related Post
Leave a Comment