വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്തു,ആര്‍ടിഎഫ് രൂപികരിച്ചത് ചട്ടവിരുദ്ധമാണെങ്കില്‍ എ വി ജോര്‍ജിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്തു. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് ചോദ്യം ചെയ്തത്. ആര്‍ടിഎഫിനെ മാത്രമായി വരാപ്പുഴയ്ക്ക് വിട്ടിട്ടില്ല. ക്രമസമാധാനം ഉറപ്പുവരുത്താനാണ് കൂടുതല്‍ പൊലീസുകാരെ പ്രദേശത്തേക്ക് അയച്ചതെന്നും എ വി ജോര്‍ജ് അന്വേഷണസംഘത്തിന് മൊഴി നല്‍കി. എസ്പിയുടെ ഫോണ്‍സംഭാഷണങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

എവി ജോര്‍ജ് ആര്‍ടിഎഫ് രൂപികരിച്ചത് ചട്ട വിരുദ്ധമാണോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ചട്ടവിരുദ്ധമാണെങ്കില്‍ എ വി ജോര്‍ജിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യും. അതേസമയം കേസില്‍ അറസ്റ്റിലായ വരാപ്പുഴ എസ് ഐ ദീപക്ക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.

നേരത്തെ എ വി ജോര്‍ജിനെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദം ഉള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എസ്പിയെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ നേതാക്കളും പ്രതിസ്ഥാനത്തെത്തിയേക്കുമെന്ന ആശങ്കയാണ് സമ്മര്‍ദത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് പ്രതികളായ ആര്‍ടിഎഫിന്റെ ചുമതലയുള്ള മുന്‍ റൂറല്‍ എസ്പിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്.

കസ്റ്റഡി മരണത്തിനു വഴിയൊരുക്കിയ സാഹചര്യം സൃഷ്ടിച്ചത് റൂറല്‍ എസ്പിയുടെ കാര്യക്ഷമതക്കുറവാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. എസ്പിക്കെതിരെ കേസില്‍ പ്രതികളായ പറവൂര്‍ സിആയും വരാപ്പുഴ എസ്ഐയും ആര്‍ടിഎഫുകാരും അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment