പുരസ്‌കാരം വാങ്ങാന്‍ ജാന്‍വി എത്തിയത് ശ്രീദേവിയുടെ സാരിയണിഞ്ഞ്!!! ജാന്‍വിയെ കണ്ടപ്പോള്‍ ശ്രീദേവിയെ ഓര്‍മ്മ വന്നുവെന്ന് ആരാധകര്‍

മരണാനന്തരം ഒരു താരത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത് ആദ്യമായാണ്. വര്‍ഷങ്ങളുടെ ചരിത്രം തിരുത്തിയാണ് 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ശ്രീദേവിക്കു വേണ്ടി പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയത് ഭര്‍ത്താവും, നിര്‍മ്മാതാവുമായ ബോണി കപൂറും, മക്കള്‍ ജാന്‍വി കപൂറും ഖുഷി കപൂറുമാണ്.

ജാന്‍വി അമ്മയുടെ സാരിയണിഞ്ഞാണ് അവാര്‍ഡിന് എത്തിയത്. അടുത്ത ബന്ധുവിന്റെ വിവാഹത്തിനായി മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത സാരിയായിരുന്നു അത്. ജാന്‍വിയെ കാണുമ്പോള്‍ ശ്രീദേവിയെ ഓര്‍മ വരുന്നുവെന്ന് ആരാധകര്‍ പറഞ്ഞു. അമ്മയെ പോലെ തന്നെ ആ സാരിയില്‍ ജാന്‍വിയും സുന്ദരിയായിരുന്നു.

‘ഇതു വളരെ അഭിമാനകരമായ ഒരു മുഹൂര്‍ത്തമാണ്. അതേസമയം ഞങ്ങള്‍ ശ്രീദേവിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഇവിടെ എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ ഒരുപാട് സന്തോഷിച്ചേനെ. കൂടുതല്‍ എന്താണ് ഞാന്‍ പറയുക? ശ്രീദേവിയുടെ കഠിനാധ്വാനത്തെ അംഗീകരിച്ചതില്‍ വളരെ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. അവര്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്, എന്നാല്‍ ഈ പുരസ്‌കാരം എല്ലാറ്റിനും മുകളില്‍ തന്നെയാണ്,’ റിഹേഴ്സലിനിടെ ബോണി കപൂര്‍ പറഞ്ഞു.

സാധാരണയായി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മരണാനന്തരം നല്‍കാറില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ റെഗുലേഷന്‍സില്‍ പുരസ്‌കാര ജേതാവ് നേരിട്ടെത്തി പുരസ്‌കാരം സ്വീകരിക്കണം എന്നൊരു നിബന്ധനയുണ്ട്. ശ്രീദേവിയ്ക്ക് അവാര്‍ഡ് നല്‍കിയതോടെ ആ ചരിത്രമാണ് തിരുത്തിക്കുറിച്ചത്. ഇപ്പോള്‍ മികച്ച നടിയ്ക്കുള്ള ‘ഉര്‍വ്വശി’ അവാര്‍ഡ് മരണാനന്തരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ നടിയാണ് ശ്രീദേവി.

pathram desk 1:
Leave a Comment