കലാകാരന്‍ തിരസ്‌കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ല. പടക്കം പൊട്ടുന്ന കയ്യടി സ്വര്‍ണപ്പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന്. ദേശീയ സിനിമാ പുരസ്‌കാരം ബഹിഷ്‌കരിച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും. ഫെസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫെസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കലാകാരന്‍ തിരസ്‌കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം. ഏത് ഉടയതമ്പുരാനായാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും. പടക്കം പൊട്ടുന്ന കയ്യടി സ്വര്‍ണപ്പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കൂറ്റത്തിന്. കാറി നീട്ടിയൊരു തുപ്പ് മേല്‍ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത്. ഉരുക്കിന്റെ കോട്ടകള്‍, ഉറുമ്പുകള്‍ കുത്തി മറിക്കും. കയ്യൂക്കിന്‍ ബാബേല്‍ ഗോപുരം, പൊടിപൊടിയായ് തകര്‍ന്നമരും. അപമാനിക്കപ്പെട്ട കലാകാരന്മാര്‍ക്ക് ഐക്യദാര്‍ഢ്യം.
രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുരസ്‌കാരം നല്‍കുന്നതില്‍ പ്രതിഷേധിച്ച് മലയാളത്തില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍ കൂട്ടായി പരാതി നല്‍കുകയും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൂട്ടായ തീരുമാനത്തിന് വിരുദ്ധമായി ഗായകന്‍ യേശുദാസും സംവിധായകന്‍ ജയരാജും പുരസ്‌കാരം വാങ്ങുകയായിരുന്നു.
മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ച ഫഹദ് ഫാസില്‍ പുരസ്‌കാരം വാങ്ങാതെ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചു പോന്നു. ചടങ്ങ് ബഹിഷ്‌കരിച്ച അവാര്‍ഡ് ജേതാക്കള്‍ വേദിയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.
Leave a Comment