ജൂണ്‍ 10ന് ദേശീയ ബന്ദ്… കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 110 കര്‍ഷക സംഘടനകള്‍ ഒരു കുടക്കീഴില്‍ അണിനിരന്ന് പുതിയ പ്രക്ഷോഭ പാതയിലേക്ക്. ജൂണ്‍ ഒന്നുമുതല്‍ പത്തുവരെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാതെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ജൂണ്‍ 10 ന് ഉച്ചക്ക് രണ്ട് മണിവരെ ദേശവ്യാപക ബന്ദാചരിക്കും

ബിജെപി വിട്ട മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ഉള്‍പ്പടെയുള്ളവര്‍ കര്‍ഷകസംഘടനകള്‍ക്ക് പിന്തുണയുമായി രംഗത്തുവന്നു. ബിജെപി പ്രകടനപത്രികയില്‍ പറഞ്ഞ കാര്യം പോലും നാലുവര്‍ഷം കഴിഞ്ഞിട്ടും മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി നടപ്പാക്കിയിട്ടില്ലെന്ന് യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി.

ജൂണ്‍ ഒന്നുമുതല്‍ പത്തുദിവസം പച്ചക്കറി, പാല്‍ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ ഒന്നടങ്കം വിപണിയില്‍ വില്‍ക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഈ പ്രക്ഷോഭത്തോട് സഹകരിക്കാന്‍ വ്യാപാരികളോട് കര്‍ഷകസംഘടനകള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കര്‍ഷകര്‍ അവധിയിലേക്ക് എന്ന മുദ്രാവാക്യം വിളിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ആഭിമുഖ്യത്തില്‍ സമരം ചെയ്യാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കാര്‍ഷികോല്‍പ്പനങ്ങള്‍ വിപണിയില്‍ വില്‍ക്കാതെ ഗ്രാമങ്ങളില്‍ ധര്‍ണ നടത്തും. മറ്റു മാര്‍ഗങ്ങളില്ലാതെ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായായിരുന്നുവെന്നും കര്‍ഷക നേതാക്കള്‍ ചൂണ്ടിക്കാട്ടി.

pathram desk 2:
Related Post
Leave a Comment