കൊച്ചി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റോ റോ ജങ്കാര്‍ സര്‍വ്വീസ് രണ്ടാം ദിവസം തന്നെ നിര്‍ത്തിവെച്ചു. ലൈസന്‍സില്ലാത്തതിനാലാണ് സര്‍വ്വീസ് നിര്‍ത്തിവെച്ചത്. ശനിയാഴ്ചയായിരുന്നു പതിനേഴ് കോടിയോളം രൂപ ചെലവില്‍ നിര്‍മ്മിച്ച റോള്‍ ഓണ്‍ ജങ്കാര്‍ സര്‍വ്വീസിന്റെ ഉദ്ഘാടന യാത്ര.
നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. ലൈസന്‍സോ പോര്‍ട്ട് ട്രസ്റ്റില്‍ നിന്നുള്ള ക്ലിയറന്‍സോ സര്‍വ്വീസിനില്ലായിരുന്നു. ഇതിന് പുറമെ സുരക്ഷാവീഴ്ച്ചയുള്‍പ്പടെ ആരോപിക്കപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയെയും നേതാക്കളെയും കൊണ്ടുള്ള ഉദ്ഘാടന സര്‍വ്വീസും മറ്റ് സര്‍വ്വീസുകളും കഴിഞ്ഞ ദിവസം നടന്നിരുന്നു.
നഗരസഭയുടെ റോ റോ സര്‍വ്വീസിനെ വളരെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ വരവേറ്റത്. യാത്രാദുരിതം അവസാനിക്കുകയാണെന്നും പശ്ചിമകൊച്ചിയിലെ ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് രണ്ടാം നാളില്‍ തന്നെ തിരിച്ചടി ലഭിച്ചിരിക്കുകയാണ്.
ഇരു വശത്ത് കൂടിയും വാഹനങ്ങള്‍ കയറ്റാനും ഇറക്കാനും കഴിയുന്ന ആധുനിക ജങ്കാറാണ് റോറോ. നിലവിലെ ജങ്കാറില്‍ ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ കയറ്റാനാകുക. എന്നാല്‍ ഒരു പാലം പോലെ പ്രവര്‍ത്തിച്ച് വാഹനങ്ങളെ അക്കരയെത്തിക്കും. നാല് ലോറി, 12 കാറുകള്‍, 50 യാത്രക്കാര്‍ എന്നിവയെ വഹിക്കാന്‍ സാധിക്കുന്നതാണ് റോ റോ.
Leave a Comment