ഷാര്‍ജയില്‍ ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട ശേഷം മലയാളിയായ ഭര്‍ത്താവ് നാട്ടിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. യുവതിയെ ഭര്‍ത്താവ് കൊന്ന് കുഴിച്ചിട്ട ശേഷം രാജ്യം വിട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. കൊലനടത്തിയത് എങ്ങനെയെന്ന് ഇതുവരെയും വ്യക്തമല്ല. കൊലപാതകത്തിന് ശേഷം മലയാളിയായ ഭര്‍ത്താവ് കേരളത്തിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവം നടന്നിട്ട് ഒരു മാസമായിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. മുപ്പത്തിയാറുകാരിയായ യുവതിയുടെ സഹോദരന്‍ ഷാര്‍ജയിലെത്തി പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംവം പുറംലോകമറിയുന്നത്. സഹോദരിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് സഹോദരന്‍ ഷാര്‍ജയിലെത്തിയത്. വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ ആരെയും കാണാത്തതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെയാണ് വീട്ടില്‍ പരിശോധന നടത്തിയതെന്ന് ഷാര്‍ജ പൊലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍ സിരി അല്‍ ഷംസി പറഞ്ഞു.

വീടിനുള്ളില്‍ ഒരു ഭാഗത്ത് ടൈലുകള്‍ ഇളകിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹം ഫൊറന്‍സിക് നടപടികള്‍ക്കായി സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

നാട്ടിലേക്ക് കടന്നെന്ന് കരുതുന്ന ഭര്‍ത്താവിനെ കണ്ടെത്താനായി ഇന്റര്‍പോളിനു വിവരം കൈമാറിയിരിക്കുകയാണ്. നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് ഇയാള്‍ വീടിനു മുന്നില്‍ ‘വാടകയ്ക്ക്’ എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment