ക്രിക്കറ്റ് ഇതിഹാസം സച്ചിന് ആദരവുമായി മലയാളം ചിത്രം!!! ധ്യാന്‍ ചിത്രം സച്ചിന്റെ മോഷന്‍ ടീസര്‍ പുറത്ത്‌വിട്ട് അജുവര്‍ഗീസ്

ധ്യാന്‍ ശ്രീനിവാസനും അജുവര്‍ഗ്ഗീസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് സച്ചിന്‍. സച്ചിന്റെ മോഷന്‍ ടീസറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം പേരുപോലെ തന്നെ ക്രിക്കറ്റിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഒരുങ്ങുന്നത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെ അജുവര്‍ഗ്ഗീസാണ് ചിത്രത്തിന്റെ മോഷന്‍ ടീസര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നത്.

കടുത്ത ക്രിക്കറ്റ് ആരാധകനായ അച്ഛന്‍ മകന് തന്റെ ആരാധനപുരുഷനായ സച്ചിന്റെ പേര് ഇടുന്നതും തുടര്‍ന്ന് ആ മകന്റെ വളര്‍ച്ചയും പ്രണയവും ആണ് ചിത്രത്തിന്റെ പ്രമേയം.

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ രേഷ്മ രാജനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. രഞ്ജി പണിക്കര്‍ രമേഷ് പിഷാരടി, ഹരീഷ് കണാരന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഫഹദിനെ നായകനാക്കി നിര്‍മ്മിച്ച മണിരത്നം എന്ന ചിത്രത്തിന് ശേഷം സന്തോഷ് നായര്‍ ഒരുക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് സച്ചിന്‍. ക്രിക്കറ്റും സച്ചിനും എന്ന മലയാളിയുടെ പൊതു വികാരത്തെയും ഒന്നിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള എന്റര്‍ടൈന്‍മെന്റ് സിനിമയായാണ് മുന്നോട്ട് പോകുന്നത്.

pathram desk 1:
Related Post
Leave a Comment