ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം ഇംപീച്‌മെന്റ് നോട്ടിസ് നല്‍കി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിനാണു നോട്ടിസ് കൈമാറിയത്. 64 എംപിമാര്‍ ഒപ്പിട്ട നോട്ടീസാണ് ഉപരാഷ്ട്ര പതിയ്ക്ക് കൊമാറിയത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തിയത്.
ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്മെന്റ നടപടികള്‍ വേഗത്തിലാക്കിയത്. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എന്‍.സി.പി, സിപിഎം, സിപിഐ, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി. എന്നീ പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്.
ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിരവധി പൊതുതാത്പര്യ ഹര്‍ജികള്‍ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി തള്ളിയത്.
ഇതിനിടെ പൊതുജനമധ്യത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് ചര്‍ച്ചകള്‍ ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
ജുഡീഷ്യറിക്കെതിരായ രാഷ്ട്രീയക്കാരുടെ പ്രസ്താവനയില്‍ ഞങ്ങളെല്ലാവരും അസ്വസ്ഥരാണെന്നും ജസ്റ്റിസ് എ.കെ.സിക്രി പറഞ്ഞു.
ഇതിനിടെ ഇംപീച്ച്മെന്റ് ചര്‍ച്ചകളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുന്നതിനായി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് സുപ്രീംകോടതി അഭിപ്രായം ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാദം അടുത്ത മാസം ഏഴിന് കോടതി കേള്‍ക്കും.
Leave a Comment