കേരള തീരത്ത് കൂറ്റന്‍ തിരമാലയ്ക്ക് സാധ്യത!!! മുന്നറിയിപ്പുമായി ദുരന്ത നിവാരണ ഏജന്‍സി, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കൊല്ലം: കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. കേരളത്തിന്റെ തെക്കന്‍ മേഖലയിലുളളവരോട് അതീവ ജാഗ്രത പാലിക്കാന്‍ ആണ് നിര്‍ദ്ദേശം വന്നിരിക്കുന്നത്.

കേരളത്തിന്റെ തീര പ്രദേശത്ത് 2.5 മീറ്റര്‍ മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം,ആലപ്പുഴ,കൊച്ചി ,പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരമേഖലകളില്‍ നാളെ രാവിലെ എട്ടര മുതല്‍ 22 ന് അര്‍ദ്ധരാത്രി വരെ തിരയടിക്കും എന്നാണ് മുന്നറിയിപ്പ്.

വേലിയേറ്റ സമയത്തു തിരമാലകള്‍ കൂടുതല്‍ ശക്തി പ്രാപിക്കാനും ആഞ്ഞടിക്കാനും സാധ്യതയുളളതായാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. തീരത്തോട് ചേര്‍ന്ന് തിരമാലകള്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും, തീരപ്രദേശത്ത് മത്സ്യബന്ധനം നടത്തുന്നവര്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കടല്‍ത്തീരത്ത് രണ്ടുദിവസത്തേക്ക് വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരും കടലില്‍ ഇറങ്ങാന്‍ പാടില്ലെന്നും കടല്‍കാഴ്ച കാണുന്നത് രണ്ട് ദിവസത്തേക്ക് മാറ്റിവയ്ക്കണം എന്നുമാണ് നിര്‍ദ്ദേശം. തീരത്തോട് ചേര്‍ന്ന് തിരമാലകള്‍ കൂടുതല്‍ ശക്തിപ്രാപിക്കാനുളള സാധ്യത ചൂണ്ടിക്കാട്ടി ബോട്ടുകള്‍ കടലിലേക്കും കടലില്‍ നിന്ന് കരയിലേക്കും പോകുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആഴക്കടലില്‍ ഇത് വെല്ലുവിളി ഉയര്‍ത്തില്ലെന്നാണ് വിവരം.

pathram desk 1:
Related Post
Leave a Comment