ശ്രീജിത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വീണ്ടും പരിശോധിക്കുന്നു: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് കേസ് ദുര്‍ബലപ്പെടുത്തുമെന്ന ആശങ്ക?

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വീണ്ടും പരിശോധിക്കുന്നു. ശ്രീജിത്തിന്റെ മരണ കാരണം വ്യക്തമായി ചൂണ്ടിക്കാണിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ വീണ്ടും വിശകലനം ചെയ്യാന്‍ മൃതദേഹം നേരില്‍ കണ്ടിട്ടില്ലാത്ത ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചതു നിയമപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ തെളിവു നിയമപ്രകാരം ഒരാളുടെ മരണത്തില്‍ ഏറ്റവും വിശ്വസനീയമായ തെളിവാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും അതു തയാറാക്കിയ ഡോക്ടറുടെ നേരിട്ടുള്ള മൊഴികളും. ആലപ്പുഴ മെഡിക്കല്‍ കോളജിലെ സീനിയര്‍ ഫൊറന്‍സിക് പ്രഫസറുടെ മേല്‍നോട്ടത്തില്‍ മൂന്നു പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണു ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു മരണം കാരണം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ റിപ്പോര്‍ട്ടിനു കോടതിയിലുള്ള പ്രാധാന്യം കെടുത്തുന്ന നടപടിയാണു റിപ്പോര്‍ട്ട് വിശകലനം ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡു രൂപീകരിച്ചതിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ശ്രീജിത്തിന്റെ മൃതദേഹം ഒരിക്കല്‍ പോലും പരിശോധിക്കാത്ത അഞ്ചു ഡോക്ടര്‍മാരുടെ സംഘത്തില്‍ ആരെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ സംശയം രേഖപ്പെടുത്തിയാല്‍ വിചാരണയില്‍ പ്രതിഭാഗത്തിന്റെ ഏറ്റവും വലിയ ആയുധം അതാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മുന്‍പു കലാഭവന്‍ മണി മരിച്ചതു സംബന്ധിച്ച കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിശകലനം ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ചിരുന്നു. മണിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം എന്താണെന്നു വ്യക്തമാക്കിയിരുന്നില്ല എന്നതിനാല്‍ അതു വിവാദമായില്ല.

ശ്രീജിത്തിന്റെ റിപ്പോര്‍ട്ടില്‍ മരണകാരണം ചെറുകുടലിനേറ്റ മാരകമായ പരുക്കാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ‘കുടല്‍ മുറിഞ്ഞു വേര്‍പെട്ടു പോകാറായ സ്ഥിതിയായിരുന്നു. ചവിട്ടു പോലെ ശക്തമായ ആഘാതമുണ്ടായാല്‍ സംഭവിക്കാവുന്ന തരത്തിലുള്ളതാണിത്. ഇങ്ങനെ കുടലില്‍ നിന്ന് പുറത്തുവന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ രക്തത്തില്‍ കലര്‍ന്നുണ്ടായ അണുബാധ മറ്റെല്ലാ അവയവങ്ങളെയും ബാധിച്ചു.” ഇത്രയും വ്യക്തമായി മരണ കാരണം രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് വീണ്ടും വിശകലനം ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് കേസ് ദുര്‍ബലപ്പെടുത്തുമെന്ന ആശങ്കയുണ്ട്.
ഇന്ത്യന്‍ തെളിവു നിയമം (വകുപ്പ് 60) പ്രകാരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തര്‍ക്കമില്ലാത്ത തെളിവാകുന്നതിന് അതു നിര്‍വഹിച്ച ഡോക്ടറെ വിസ്തരിക്കണം. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ ഒരാളുടെ മരണം സംബന്ധിച്ച അന്തിമ തെളിവായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ വിചാരണ കോടതി സ്വീകരിക്കും. സുപ്രീം കോടതി പല വിധിന്യായങ്ങളിലും ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

pathram:
Related Post
Leave a Comment