ഹൈദരാബാദ്: 2007 ലെ മക്കാ മസ്ജിദ് ബോംബ് സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ എന്‍ഐഎ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദ് എന്‍ഐഎ കോടതിയുടെ വിധി. കേസില്‍ സ്വാമി അസീമാനന്ദ അടക്കമുള്ളവരെയാണ് കോടതി വെറുതെവിട്ടിരിക്കുന്നത്.
2007 മെയ് 18 നാണ് കേസിനാസ്പദമായ സ്ഫോടനം നടന്നത്. മക്കാ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കെത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം നടത്തിയത്. ഒമ്പത്പേര്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആദ്യം ലോക്കല്‍ പോലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസ് 2011 ല്‍ എന്‍ഐഎ ഏറ്റെടുത്തു.
കേസന്വേഷണം ഏറ്റെടുത്ത എന്‍ഐഎ ആര്‍എസ്എസ് മുന്‍ പ്രചാരകനായിരുന്ന സ്വാമി അസീമാന്ദ ഉള്‍പ്പെടെയുള്ള അഞ്ച്പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇവരെയാണ് കോടതി ഇപ്പോള്‍ വെറുതെവിട്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് കോടതി പറയുന്നത്.
ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ ചില മുസ്ലീം സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐയാണ് സ്ഫോടനത്തിന് പിന്നില്‍ ഹൈന്ദവ സംഘടനകളാണെന്ന് കണ്ടെത്തിയത്. പിന്നീട് കേസ് എന്‍ഐഎയ്ക്ക് കൈമാറി. ഇവര്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ കുറ്റപത്രമാണ് ഇപ്പോള്‍ കോടതിയില്‍ ഇല്ലാതായിരിക്കുന്നത്.
Leave a Comment