വിഷു എന്നാല്‍….

ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. വിഷു വസന്തകാലമാണ്. വിഷുവിന്റെ വരവിന് ദിവസങ്ങള്‍ക്ക് മുന്പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍, എവിടെയും സമൃദ്ധിയും സന്തോഷവും.

വിഷുഫലം

വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാര്‍വത്രികമായിരുന്നു. പണിക്കര്‍ (കണിയാന്‍) വീടുകളില്‍ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വര്‍ഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേള്‍പ്പിക്കും. വിഷു സംക്രാന്തി നാളിലാണ് പണിക്കര്‍ വരുന്നത്. അവര്‍ക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ ”യാവന” എന്നാണ് പറയുക.

കരുതലോടെ നീങ്ങുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും; വിഷുഫലം അറിയാം…

ആചാരങ്ങള്‍

കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്തമാണ് . വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.

വിഷുക്കണി
കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, വെറ്റിലയും പഴുത്ത അടയ്ക്കയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. സ്വര്ണഷവര്ണ്ണടത്തിനാണ് പ്രാധാന്യം. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്.

ഐശ്വര്യസമ്പൂര്‍ണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് പറയുന്നത്. കണ്ണാടിയില്‍ (ഭഗവതിയുടെ പ്രതീകം) കൂടി വേണം കണികാണാന്‍, അപ്പോള്‍ എല്ലാം വെട്ടിത്തിളങ്ങുന്നതായി തോന്നും. കണ്ണാടിയില്‍ കൂടി, സ്വന്തം പ്രതിബിംബത്തില്‍ കൂടി, ഈശ്വരന്റെ സാമീപ്യം മനസ്സിലാക്കാന്‍ കഴിയണം. വീട്ടിലെപ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാന്‍ കിടക്കും. പുലര്‍ച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്.

വിഷുക്കൈനീട്ടം

കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്നത്. വര്‍ഷം മുഴുവനും സമ്പല്‍ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നല്‍കുനത്. പ്രായമായവര്‍ പ്രായത്തില്‍ കുറവുളവര്‍ക്കാണ് സാധാരണ കൈനീട്ടം നല്‍കുന്നത് എങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്.

വിഭവങ്ങള്‍

മുന്‍ കാലങ്ങളില്‍ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥന്‍ പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിര്‍ബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളില്‍ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടായിരിക്കും. എരിശ്ശേരിയില്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്‍ത്തിരിക്കും. ഒരു മുഴുവന്‍ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടല്‍, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയില്‍ ചേര്‍ത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളില്‍ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാന്‍ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളില്‍ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.

pathram:
Leave a Comment