ഉന്നാവോ പീഡനം: ബിജെപി എംഎൽഎയെ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അന്ത്യശാസനം, റിപ്പോർട്ട് സമർപ്പിക്കാനും സിബിഐക്ക് നിർദ്ദേശം

ലക്‌നൗ: ഉന്നാവോ പീഡനക്കേസിൽ പ്രതിയായ ബിജെപി എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യാൻ അലഹബാദ് ഹൈക്കോടതിയുടെ നിർദേശം. ഉന്നാവോ ബലാത്സംഗക്കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിങ് സെങ്കാറിനെ സിബിഐ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ സെങ്കാറിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി നടപടികൾ വേഗത്തിലാക്കണമെന്നാണ് കോടതിയുടെ നിർദേശം.

അതേസമയം, ഉന്നാവോ കേസ് സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കണമെന്നും അലഹബാദ് ഹൈക്കോടതി സിബിഐക്ക് നിർദേശം നൽകിയിട്ടുണ്ട്. മെയ് 2 ന് മുൻപ് റിപ്പോർട്ട് നൽകാനാണ് അലഹബാദ് ഹൈക്കോടതിയുടെ നിർദേശം.

ഉന്നാവോ എംഎല്‍എ ആയ കുല്‍ദീപ് സിങ് സെന്‍ഗറാണ് പീഡിപ്പിച്ചതെന്നാണ് യുവതിയുടെ ആരോപണം. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പൊലീസും ഉപദ്രവിച്ചതായി യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. ‘എന്നെ അയാള്‍ പീഡിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി നടപടി ആവശ്യപ്പെട്ട് ഞാന്‍ ഓടുകയാണ്. പക്ഷെ ആരും കേള്‍ക്കാന്‍ വരെ കൂട്ടാക്കുന്നില്ല. പ്രതികളെ എല്ലാവരേയും അറസറ്റ് ചെയ്യണം. ഇല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും’, യുവതി പറഞ്ഞു. മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടി എടുത്തില്ലെന്നും ഇര ആരോപിച്ചു.

ബിജെപി എംഎല്‍എ ബലത്സംഗം ചെയ്‌തെന്ന് ആരോപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയ്ക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment