ഹൈദാരാബാദ്: കാസ്റ്റിങ് കൗച്ചിനെതിരെ വേറിട്ട പ്രതിഷേധവുമായി തെലുങ്ക് നടി ശ്രീ റെഡ്ഡി. തെലുങ്ക് ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സിനു മുമ്പില്‍ ടോപ്ലസായി ഇരുന്നായിരിന്നു നടിയുടെ പ്രതിഷേധം.
തെലുങ്ക് സിനിമാ വ്യവസായ രംഗത്തെ കാസ്റ്റിങ് കൗച്ച് സംഭവങ്ങളോട് ഫിലിം ചേമ്പര്‍ പാലിക്കുന്ന മൗനത്തില്‍ പ്രതിഷേധിച്ചാണ് തന്റെ സമരമെന്ന് ശ്രീ റെഡ്ഡി മാധ്യമങ്ങളോടു പറഞ്ഞു. നിരവധി സംവിധായകരും നിര്‍മ്മാതാക്കളും തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ശ്രീ റെഡ്ഡി ആരോപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടും തനിക്ക് മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ മെമ്പര്‍ഷിപ്പ് നല്‍കിയില്ലെന്നും അവര്‍ ആരോപിക്കുന്നു.
സിനിമയില്‍ അവസരത്തിനുവേണ്ടി പലരും നഗ്‌ന ചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെട്ടെന്നും അവര്‍ ആരോപിക്കുന്നു. ‘അവര്‍ വീഡിയോകള്‍ കണ്ടു, എന്നാല്‍ അവസരം നല്‍കില്ല. എന്നില്‍ നിന്നും ലൈവ് നഗ്‌ന വീഡിയോ വരെ അവര്‍ ആവശ്യപ്പെട്ടു. അവസരം തേടുന്ന യുവതികളെ അത്രമാത്രം അവര്‍ ചൂഷണം ചെയ്യുന്നുണ്ട്.’ അവര്‍ പറഞ്ഞു.
തെലുങ്ക് നടീനടന്മാര്‍ക്കെല്ലാം തെലുങ്ക് ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സില്‍ അംഗത്വവും ടോളിവുഡില്‍ 75% അവസരങ്ങളും അവര്‍ ആവശ്യപ്പെടുന്നുണ്ട്.
രാവിലെ സാല്‍വാര്‍ കമ്മീസ് ധരിച്ച് ഫിലിം ചേമ്പറിലെത്തിയ അവര്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. ‘എന്റെ വിഷമം ഈ രീതിയില്‍ മാത്രമേ പ്രകടിപ്പിക്കാനാവൂ. ഇന്റസ്ട്രിയിലെ പലര്‍ക്കും ഞാനെന്റെ നഗ്‌നത കാണിച്ചു, എന്നിട്ടും റോളുകള്‍ കിട്ടിയില്ല. പൊതുമധ്യത്തില്‍ നഗ്‌നയായി മാത്രമേ ഇനിയെനിക്കു പ്രതിഷേധിക്കാനാവൂ.’ അവര്‍ പറഞ്ഞു.
നടിയെ പിന്നീട് പൊലീസ് ഫിലിം ചേമ്പര്‍ പരിസരത്തുനിന്നും മാറ്റി. ഒരു തെലുങ്ക് സംവിധായകനും രാഷ്ട്രീയരംഗത്തുള്ള നടനും പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
Leave a Comment