സിബിഎസ്ഇ ഹിന്ദി ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചരിപ്പിക്കപ്പെടുന്നത് വ്യാജ ചോദ്യക്കടലാസ്

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ പന്ത്രണ്ടാം ക്ലാസ് ഹിന്ദി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതാണെന്നു പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത് വ്യാജ ചോദ്യക്കടലാസാണെന്ന് അധികൃതര്‍. ഏപ്രില്‍ രണ്ടിനു നടക്കാനിരിക്കുന്ന ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പറാണെന്നു പറഞ്ഞാണ് വാട്സാപ്പിലൂടെയും മറ്റും വ്യാപക പ്രചാരണം നടക്കുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന ചോദ്യപേപ്പര്‍ ഒന്നുകില്‍ മുന്‍വര്‍ഷത്തെയാകാമെന്നും അല്ലെങ്കില്‍ വ്യാജമായിരിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. വ്യാജ ചോദ്യപേപ്പര്‍ പ്രചരിപ്പിച്ച് വിദ്യാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. പ്രചരിപ്പിക്കപ്പെടുന്ന ചോദ്യപേപ്പറും വാര്‍ത്താക്കുറിപ്പിനൊപ്പം സിബിഎസ്ഇ പുറത്തുവിട്ടിട്ടുണ്ട്.

അതിനിടെ പത്താം ക്ലാസ് കണക്കു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കാണിച്ച് സിബിഎസ്ഇ ചെയര്‍പേഴ്സനു ലഭിച്ച ഇമെയിലിനെക്കുറിച്ച് ഗൂഗിള്‍ മറുപടി നല്‍കി. എഴുതിയ നിലയിലുള്ള ചോദ്യപേപ്പറിന്റെ പകര്‍പ്പ് 12 പേജിലാക്കിയാണ് ജിമെയിലിലേക്ക് അയച്ചിരുന്നത്. ഇത് എവിടെ നിന്ന് അയച്ചതാണെന്നറിയാനുള്ള ഡല്‍ഹി ക്രൈംബ്രാഞ്ചിന്റെ മെയിലിനാണ് ഗൂഗിള്‍ മറുപടി നല്‍കിയത്. കൂടുതല്‍ വിവരങ്ങള്‍ പക്ഷേ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ്, പത്തിലെ കണക്ക് ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ ശനിയാഴ്ച ആറു പേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സ്വകാര്യ കോച്ചിങ് സെന്ററിന്റെ ഡയറക്ടര്‍മാരാണ് അറസ്റ്റിലായ രണ്ടു പേര്‍. പത്താം ക്ലാസ്, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ സഹിതം 12 പേര്‍ ഇതുവരെ അന്വേഷണ സംഘത്തിന്റെ പിടിയിലായി. ഡല്‍ഹി പൊലീസും ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘവും സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. അറുപതോളം പേരെ ചോദ്യം ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ് എന്ന രീതിയില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

pathram desk 2:
Related Post
Leave a Comment