കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് മോശം റിവ്യൂ; മാതൃഭൂമിക്കെതിരേ കുഞ്ചാക്കോ ബോബന്‍

സിനിമകള്‍ക്ക് മോശം റിവ്യൂകള്‍ എഴുതിയതിന്റെ പേരില്‍ മാതൃഭൂമിക്കെതിരേ പരാതികള്‍ ഉയരുന്നതിനിടെ സമാനമായ ആരോപണവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍ രംഗത്ത് എത്തി. കുഞ്ചാക്കോ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന സിനിമയെ കുറിച്ച് മാതൃഭൂമി ലേഖകന്‍ എഴുതിയ മോശം റിവ്യൂനെതിരെ അദ്ദേഹം ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ഹൈഡ്രജന്‍ ബലൂണ്‍ ഊതി വീര്‍പ്പിച്ചപോലൊരു കുട്ടനാടന്‍ മാര്‍പ്പാപ്പ എന്നായിരുന്നു സിനിമാ നിരൂപണത്തിന് മാതൃഭൂമി നല്‍കിയ പേര്. കുട്ടികള്‍ക്കും മനസില്‍ കുട്ടിത്തം ഉള്ളവര്‍ക്കും ഹൈഡ്രജന്‍ ബലൂണ്‍ വലിയ ഇഷ്ടമാണെന്ന് മറുപടി പോസ്റ്റിലൂടെ കുഞ്ചാക്കോ പറയുന്നു.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ വികടകുമാരന്‍ എന്ന സിനിമയെ കുറിച്ച് മാതൃഭൂമി മോശം റിവ്യൂ എഴുതിയതിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ ബോബന്‍ സാമുവല്‍ രംഗത്ത് വന്നിരുന്നു. നേരത്തെ ഇര എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരും മാതൃഭൂമിയ്ക്കെതിരെ പ്രതിഷേധവുമായെത്തിയിരുന്നു. തങ്ങളുടെ സിനിമയുടെ സസ്പെന്‍സ് ആദ്യ ദിവസം തന്നെ റിവ്യൂവിലൂടെ പുറത്ത് വിട്ടതിനെതിരെയായിരുന്നു ഇര ടീമിന്റെ പ്രതിഷേധം. സിനിമാ പരസ്യങ്ങള്‍ ലഭിക്കാത്തതിനാലാണ് മാതൃഭൂമി ഇത്തരത്തില്‍ മോശം റിവ്യൂകള്‍ എഴുതുന്നതെന്നും ആക്ഷേപമുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്തോ….കുട്ടികള്‍ക്കും മനസ്സില്‍ കുട്ടിത്തം ഉള്ളവര്‍ക്കും ഹൈഡ്രജന്‍ ബലൂണ്‍ വലിയ ഇഷ്ടമാണ്. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ഹൈഡ്രജന്‍ ബലൂണ് പറത്തി വിജയിപ്പിച്ചു സന്തോഷിക്കുന്ന എല്ലാവര്‍ക്കും നന്ദി.

കുട്ടനാടിന്റെ പഞ്ചാത്തലം പ്രമേയമാക്കി നവാഗതനായ ശ്രീജിത്ത് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. മലയാളം മൂവി മെയ്‌ക്കേഴ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയ കുട്ടനാടന്‍ മാര്‍പാപ്പയില്‍ കുഞ്ചാക്കോ ബോബന് പുറമെ അതിഥി രവി, അജു വര്‍ഗീസ്, ശാന്തി കൃഷ്ണ, സൗബിന്‍ ഷാഹിര്‍, ഇന്നസെന്റ്, രമേശ് പിഷാരടി, ധര്‍മ്മജന്‍, സലിംകുമാര്‍, ടിനി ടോം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

pathram:
Leave a Comment