മലമൂത്ര വിസര്‍ജനം നടത്തിയതിന് രോഗിയെ തലകീഴായി കിടത്തിയ സംഭവം: ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: രോഗിയെ തലകീഴായി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി ആണ്ടിമഠം വീട്ടില്‍ ഷെരീഫിനെയാണ് അറസ്റ്റ് ചെയ്തശേഷം രണ്ടുആള്‍ ജാമ്യത്തില്‍ വിട്ടയച്ചത്.സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഷെരീഫിന്റെ ഭാഗത്ത് മനഃപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായതായുളള തൃശൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും ആരോഗ്യമന്ത്രിക്ക് നല്‍കിയ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ആംബുലന്‍സില്‍ ഒപ്പം വന്ന പാലക്കാട് ജില്ല ആശുപത്രിയിലെ അറ്റന്‍ഡര്‍ രോഗിയെ മാറ്റുന്നതിനായി വീല്‍ ചെയറാണ് ആവശ്യപ്പെട്ടത്. അതിനാലാണ് ജീവനക്കാര്‍ വീല്‍ ചെയര്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാധാരണ പരുക്ക് പറ്റിയ ആളെ ആംബുലന്‍സില്‍ കിടത്തുമ്പോള്‍ തലഭാഗമാണ് ആദ്യം കിടത്തേണ്ടത്. രോഗിയെ കിടത്തിയിരുന്നത് അങ്ങനെ അല്ലായിരുന്നു. ഇയാളുടെ പേര് ഹരികുമാര്‍,അനില്‍കുമാര്‍ എന്നൊക്കെ പാലക്കാട് ആശുപത്രിയില്‍ അവ്യക്തമായി പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ചൂണ്ടിക്കാട്ടി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടം ചെയ്യും.

വാഹനാപകടത്തെ തുടര്‍ന്ന് തലക്ക് ഗുരുതര പരിക്കേറ്റയാളെ ചൊവ്വാഴ്ചയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗി മലമൂത്ര വിസര്‍ജനം നടത്തിയതിനാല്‍ ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന അറ്റന്‍ഡര്‍ കയ്യുറ എടുക്കാന്‍ പോയ സമയത്ത്‌ ്രൈഡവര്‍ സ്ട്രെച്ചറിന്റെ ഒരറ്റം പിടിച്ചു വലിച്ച് താഴേക്കിടുകയായിരുന്നു. മൂന്നു ദിവസം ന്യൂറോ സര്‍ജറി ഐ.സി.യുവില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ രോഗി ശനിയാഴ്ചയാണ് മരിച്ചത്.

pathram desk 2:
Related Post
Leave a Comment