ഹയര്‍ സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്സ് ആപ്പില്‍ വന്ന സംഭവം, ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്

കൊച്ചി: ഹയര്‍ സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ക്രൈം ബ്രാഞ്ച് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വാട്സ് ആപ്പിലൂടെ പ്രചരിച്ച ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചോദ്യാവലിയില്‍ നിന്നാണെന്ന് ക്രൈം ബ്രാഞ്ച് വിശദീകരിച്ചു. ചോദ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് പറയുമ്പോഴും അന്വേഷണത്തില്‍ ചോര്‍ച്ച നടന്ന ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചോദ്യാവലി മാത്രമാണിതെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പരീക്ഷയ്ക്കു മുന്‍പ് തയ്യാറാക്കിയ 40-ഓളം ചോദ്യപേപ്പറില്‍ നിന്ന് തിരഞ്ഞെടുത്ത പ്രധാനപ്പെട്ട ചോദ്യങ്ങള്‍ മാത്രമായി രണ്ടാമതൊരു ചോദ്യപേപ്പറിന് രൂപം നല്‍കിയിരുന്നു. പ്രധാനപ്പെട്ട ചോദ്യങ്ങള്‍ അടങ്ങിയ അതില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

മാര്‍ച്ച് 21ന് നടന്ന ഹയര്‍സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ വന്ന ചോദ്യങ്ങളില്‍ 10 ചോദ്യങ്ങളാണ് 16-ാം തിയ്യതി മുതല്‍ വാട്സ്ആപ്പില്‍ പ്രചരിച്ചതായി ആരോപണം ഉണ്ടായത്. ഏറ്റവും പ്രധാനപ്പെട്ട 25 ചോദ്യങ്ങള്‍ എന്ന തലക്കെട്ടോടെ പ്രചരിച്ച ചോദ്യപേപ്പറിലെ 10 ചോദ്യങ്ങള്‍ മാത്രമായിരുന്നു അത്. എന്നാല്‍, വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഇതില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതേ തുടര്‍ന്ന് പ്രതിഷേധം ഉടലെടുത്തതോടെയാണ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്.

എന്നാല്‍, അന്വേഷണത്തിലൊന്നും ചോദ്യങ്ങളുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അധ്യാപകരെയും വിദ്യാര്‍ത്ഥികളെയുമടക്കം നിരവധി പേരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ന്ന രീതിയില്‍ വന്ന ചോദ്യങ്ങളുടെ മാതൃകയിലല്ല യത്ഥാര്‍ഥ ചോദ്യപേപ്പറില്‍ ചോദ്യങ്ങള്‍ വന്നതും. ഇതോടെ അന്വേഷണസംഘവും തുമ്പില്ലാതെ വലയുകയായിരുന്നു. ഫിസിക്സ് പരീക്ഷ വീണ്ടും നടത്തുമോ എന്ന ആശങ്കയിലായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വാര്‍ത്ത ആശ്വാസമാണ്. ഇതോടെ, ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാകുകയാണ്.

pathram desk 2:
Related Post
Leave a Comment