ഇത്രയും സജീവമായ ഒരു വയല്‍ പ്രദേശത്തെ എങ്ങനെ നശിപ്പിക്കാന്‍ തോന്നുന്നു….? ആദ്യം കുടിവെള്ളമുറപ്പാക്കൂ അതിന് ശേഷമാകാം റോഡ്…! ജോയ് മാത്യു

കൊച്ചി: കീഴാറ്റൂര്‍ സമരത്തെ സര്‍ക്കാര്‍ മര്‍ക്കട മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കരുതെന്ന് നടന്‍ ജോയ് മാത്യു. കീഴാറ്റൂരിലേത് കുടിവെള്ളത്തിന്റെയും ജൈവ വൈവിധ്യങ്ങളുടെ നിലനില്‍പ്പിന്റേയും പ്രശ്നമാണ്. ഇതിനെ വെറും കീഴാറ്റൂരിലെ ഒരു പ്രാദേശിക പ്രശ്നമായി മാത്രം കാണരുതെന്നും ജോയ് മാത്യു പറഞ്ഞു. കീഴാറ്റൂര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ആദ്യം ആവശ്യമുള്ളത്ര കുടിവെള്ളം ഉറപ്പാക്കുകയും ജീവിക്കാനാവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കുകയുമാണ് വേണ്ടത്. അതിന് ശേഷം മാത്രമാണ് റോഡ്. റോഡുകള്‍ മാത്രമാണ് വികസനം എന്നത് ശരിയായ നിലപാടല്ല ജോയ് മാത്യു പറഞ്ഞു.

പ്രദേശത്തെ ജനങ്ങളുമായി സംസാരിച്ച് ആദ്യം ഇതിനൊരു പോംവഴി കണ്ടെത്തുകയാണ് വേണ്ടത്. ഒരാളാണെങ്കിലും പറയുന്നത് ശരിയാണെങ്കില്‍ അവരോടൊപ്പം നില്‍ക്കണം. അതാണ് ഒരു ജനപക്ഷ സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിന്റെ പേരില്‍ ജയില്‍ പോവണമെങ്കില്‍ പോവാന്‍ തയ്യാറാവണം. അല്ലാതെ മര്‍ക്കട മുഷ്ടി ഉപയോഗിച്ച് അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല.

ന്യൂനപക്ഷമാണ് സമരം ചെയ്യുന്നത് എന്നത് ശരി തന്നെ. പക്ഷെ ഈ ന്യൂനപക്ഷത്തിന് നീതി നിഷേധിക്കുകയാണോ വേണ്ടത്. എല്ലാ സമരവും സംഘടനയും ഉണ്ടായത് ന്യൂനപക്ഷത്തില്‍ കൂടിയാണ്. അവര്‍ക്കും സംരക്ഷണം ലഭിക്കേണ്ടതുണ്ട്. ഇത്രയും സജീവമായ ഒരു വയല്‍ പ്രദേശത്തെ എങ്ങനെയാണ് നശിപ്പിക്കാന്‍ തോന്നുന്നത്. ഇത്രയും ജനങ്ങളുടെ സങ്കടത്തിന് മുകളില്‍ കൂടി എങ്ങനെയാണ് വാഹനം ഓടിച്ച് പോവുക. കീഴാറ്റൂരിലെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ജോയ് മാത്യു പറഞ്ഞു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment