ന്യൂഡല്‍ഹി: രാജ്യസഭാസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 59 രാജ്യസഭാസീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ പത്തിലധികം സീറ്റുകള്‍ നേടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതോടെ എന്‍ഡിഎയുടെ സഭയിലെ അംഗബലം ഉയരും. എന്നാല്‍, സഭയിലെ ഭൂരിപക്ഷം കിട്ടാന്‍ മുന്നണി പിന്നെയും കാത്തിരിക്കണം.
245 അംഗ സഭയില്‍ 126 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ഇപ്പോള്‍ ബിജെപിക്ക് 58 അംഗങ്ങളുണ്ട്, കോണ്‍ഗ്രസിന് 54ഉം. ഒഴിവുള്ള 58 രാജ്യസഭ സീറ്റുകളില്‍ 10 സംസ്ഥാനങ്ങളില്‍നിന്ന് ഏഴ് കേന്ദ്രമന്ത്രിമാരടക്കം 33 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി ആറു സംസ്ഥാനങ്ങളിലെ 25 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ്.
കേരളത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് രാജിവെച്ച എം.പി. വീരേന്ദ്ര കുമാര്‍ തന്നെ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കും. യു.ഡി.എഫിന്റെ ബി. ബാബുപ്രസാദാണ് എതിര്‍സ്ഥാനാര്‍ഥി. കേരള ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ മഹാരാഷ്ട്രയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫലം ഔദ്യോഗികമായി വൈകുന്നേരത്തോടെ പ്രഖ്യാപിക്കും.
ബിജെപിക്കും സമാജ്‌വാദി പാര്‍ട്ടി(എസ്.പി)ക്കും ബഹുജന്‍ സമാജ്‌വാദി(ബി.എസ്.പി) പാര്‍ട്ടിക്കും നിര്‍ണായകമാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്. എട്ടംഗങ്ങളെ ജയിപ്പിക്കാനുള്ള ഭൂരിപക്ഷമുള്ള ബി.ജെ.പി പ്രതിപക്ഷ ഭിന്നത മുതലാക്കി ഒമ്പതാമനെ കൂടി രാജ്യസഭയിലേക്ക് അയക്കാമെന്ന പ്രതീക്ഷയിലാണ്. എസ്.പിയുടെ വോട്ടിലൂടെ ഒരംഗത്തെ ജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബി.എസ്.പിക്ക് വന്‍ തിരിച്ചടിയാകും. ഇടഞ്ഞുനിന്നിരുന്ന സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ നാല് അംഗങ്ങളും അപ്നാദളിന്റെ ഒമ്പത് അംഗങ്ങളും ബി.ജെ.പിക്ക് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടക്കം 11 സ്ഥാനാര്‍ഥികളാണ് 10 സീറ്റിലേക്ക് മത്സരിക്കുന്നത്. 403 അംഗ നിയമസഭയില്‍ ബി.ജെ.പി സഖ്യത്തിന് 324 എം.എല്‍.എമാരുണ്ട്. ജയിക്കാന്‍ 37 വോട്ടാണ് വേണ്ടത്. എട്ടു സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനുള്ളതിനുപുറമെ 28 വോട്ട് ബി.ജെ.പിക്ക് അധികമായുണ്ട്. 9 വോട്ടുകൂടി പ്രതിപക്ഷത്തുനിന്ന് സമാഹരിക്കാനായാല്‍ ബി.ജെ.പിക്ക് ഒമ്പതാമനെ കൂടി ജയിപ്പിക്കാം. 47 അംഗങ്ങളുള്ള എസ്.പിക്ക് തങ്ങളുടെ സ്ഥാനാര്‍ഥി ജയ ബച്ചനെ ജയിപ്പിക്കാനുള്ള അംഗബലമുണ്ട്.
എസ്.പിയുടെ ബാക്കി പത്തുവോട്ടും കോണ്‍ഗ്രസിന്റെ ഏഴുവോട്ടും ആര്‍.എല്‍.ഡിയുടെ ഒരു വോട്ടും ലഭിച്ചാല്‍ 19 എം.എല്‍.എമാരുള്ള ബി.എസ്.പി സ്ഥാനാര്‍ഥി ഭീംറാവു അംബേദ്കറിന് ജയിക്കാം. എന്നാല്‍, എസ്.പി എം.എല്‍.എമാര്‍ക്കിടയിലെ പടലപ്പിണക്കം ഇരുപാര്‍ട്ടികളെയും ആശങ്കയിലാക്കുന്നു. ആന്ധ്രപ്രദേശ്(3), ബിഹാര്‍(6), ഗുജറാത്ത്(4), ഹരിയാന(1), മധ്യപ്രദേശ്(5), മഹാരാഷ്ട്ര(6), തെലങ്കാന(3), യു.പി(10), പശ്ചിമബംഗാള്‍(5), കര്‍ണാടക(4), രാജസ്ഥാന്‍(3), ഒഡിഷ(3), ഝാര്‍ഖണ്ഡ്(2), ഛത്തിസ്ഗഢ്(1), ഉത്തരാഖണ്ഡ്(1), ഹിമാചല്‍ പ്രദേശ്(1) എന്നീ സംസ്ഥാനങ്ങളിലാണ് എം.പിമാരുടെ ഒഴിവ്.
Leave a Comment